പത്തനംതിട്ട: നാടിനും വീടിനും കണ്ണീരോർമ്മയായി പത്തനംതിട്ടയിൽ വാഹനാപകടത്തിൽ മരിച്ച അനുവും നിഖിലും. വിവാഹം കഴിഞ്ഞ് പുതിയ ജീവിതത്തിലേക്ക് കടക്കുന്നതിന് മുൻപാണ് ഇരുവരെയും മരണം തേടിയെത്തിയത്. രണ്ട് ആഴ്ച മുൻപായിരുന്നു അനുവിന്റെ കഴുത്തിൽ നിഖിൽ താലി ചാർത്തിയത്.
വിവാഹ ശേഷം മധുവിധു ആഘോഷത്തിനായി മലേഷ്യയിലേക്ക് പോയതായിരുന്നു നവദമ്പതികൾ. ഇവിടെ നിന്നും മടങ്ങുന്നതിനിടെ ആയിരുന്നു ഇരുവരുടെയും ജീവൻ മരണം കവർന്നത്. അതും വീടിന് സമീപത്തുവച്ച്. അപകടം ഉണ്ടായ സ്ഥലത്ത് നിന്നും കേവലം ഏഴ് കിലോ മീറ്റർ മാത്രമാണ് വീട്ടിലേക്കുണ്ടായിരുന്ന ദൂരം. ഇതിനിടെ ഉണ്ടായ അപകടം പ്രദേശവാസികളുടെയും ഉള്ളുലച്ചു. കാനഡയിൽ ജോലി ചെയ്ത് വരികയാണ് നിഖിൽ. മലേഷ്യയിൽ നിന്നും തിരിച്ചെത്തിയ ശേഷം അനുവുമായി മടങ്ങാൻ ആയിരുന്നു നിഖിലിന്റെ ആഗ്രഹം.
മുറിഞ്ഞകല്ല് ജംഗ്ഷന് സമീപത്തുള്ള ഗുരുമന്ദിരത്തിന് മുൻപിൽ വച്ചായിരുന്നു നിഖിലും അനുവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടത്. ഇവർക്കൊപ്പം ഇരുവരുടെയും പിതാക്കന്മാരും ഉണ്ടായിരുന്നു. മലേഷ്യയിൽ നിന്നും എത്തിയ മക്കളെ വിളിക്കാൻ ഇരുവരുടെയും പിതാക്കന്മാരായ മത്തായി ഈപ്പനും, ബിജു പി ജോർജും ആയിരുന്നു വാഹനത്തിൽ പോയത്. എന്നാൽ മടക്കയാത്രയിൽ ഇവർ സഞ്ചരിച്ച വാഹനം ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അനു ഒഴികെ ബാക്കി മൂന്ന് പേർക്കും സംഭവ സ്ഥലത്ത് തന്നെ ജീവൻ നഷ്ടമായിരുന്നു. കോന്നിയിലെ ആശുപത്രിയിൽ എത്തിച്ച ശേഷം ആയിരുന്നു അനുവിന്റെ മരണം.
കാർ ബസിനുള്ളിലേക്ക് ഇടിച്ച് കേറിയ നിലയിൽ ആയിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് നാല് പേരെയും പുറത്ത് എടുത്തത്. വാഹനത്തിന്റെ അമിത വേഗതയും വാഹനം ഒാടിച്ചയാൾ ഉറങ്ങിപ്പോയതുമാകാം അപകടത്തിന് കാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നാല് പേരുടെയും മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post