ചെറിയ കുഞ്ഞുങ്ങൾക്ക് കണ്ണെഴുതി കൊടുക്കുക എന്നത് പണ്ട് കാലം മുതൽക്ക് തന്നെ ഇന്ത്യയിൽ തുടരുന്ന ശീലമാണ്. കുഞ്ഞ് ജനിച്ച് 28 ദിവസങ്ങൾ കഴിയുമ്പോൾ തന്നെ കണ്ണെഴുതിയ്ക്കുകയും പൗഡർ ഇട്ടുകൊടുക്കുകയും എല്ലാം നാം ചെയ്യാറുണ്ട്. ആൺ കുട്ടി ആണെങ്കിൽ പോലും ഒരു പ്രായം വരെ ഇവരെ ഇത്തരത്തിൽ നാം അണിയിച്ചൊരുക്കും. കുഞ്ഞുങ്ങളുടെ ഭംഗി വർദ്ധിക്കും എന്നത് കൊണ്ട് കൂടിയാണ് ഇത്തരത്തിൽ കണ്ണെഴുതി നൽകുന്നത്. കുട്ടികളെ കണ്ണെഴുതിയ്ക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണം ആകുമെന്നാണ് വിദഗ്ധർ പറയുന്നത്.
വലിയവരുടെ കണ്ണുകളെ പോലെ അല്ല കുഞ്ഞുങ്ങളുടേത്. ഇവരുടെ കണ്ണുകൾ പൂർണ വളർച്ച എത്തിയിട്ടുണ്ടാകില്ല. അതുകൊണ്ടാണ് കൺമഷി എഴുതരുതെന്ന് പറയുന്നത്.
കൺമഷികളിൽ കാർബൺ അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളുടെ കണ്ണുകളെ ദോഷമായി ബാധിക്കും. കൺമഷികളിൽ അടങ്ങിയിരിക്കുന്ന മറ്റൊരു വസ്തുവാണ് ലിഡ്. വിഷാംശമായിട്ടാണ് ലിഡിനെ കണക്കാക്കാറുള്ളത്. ഇത് കുട്ടികളുടെ കണ്ണുകളിൽ പടരുന്നത് കാഴ്ചയെ വരെ ബാധിച്ചേക്കാം. കുട്ടികളുടെ തലച്ചോറിനെയും ലിഡ് ബാധിക്കും. ഇത് കുട്ടികളിൽ ഓർമ്മക്കുറവിന് ഉൾപ്പെടെ കാരണം ആകും.
പണ്ട് കാലങ്ങളിൽ കൺമഷി വീട്ടിൽ തന്നെയാണ് നിർമ്മിച്ചിരുന്നത്. എന്നാൽ ഇന്ന് രാസവസ്തുക്കൾ അടങ്ങിയ കൺമഷികൾ ആണ് എല്ലാവരും ഉപയോഗിക്കുന്നത്. ഇവയും കുഞ്ഞുങ്ങളുടെ കണ്ണുകളെ ദോഷമായി ബാധിച്ചേക്കാം. വീട്ടിലുണ്ടാക്കിയ കൺമഷി കുട്ടികൾക്ക് എഴുതി നൽകുന്നവരും നമുക്കിടയിൽ ഉണ്ട്. വീട്ടിൽ ഉണ്ടാക്കുന്ന കൺമഷികൾ സുരക്ഷിതമാണെന്നാണ് ഇവരുടെ ധാരണ. എന്നാൽ ഇതും തെറ്റാണ്. ഇതും കുട്ടികളുടെ കണ്ണുകൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാം.
Discussion about this post