എറണാകുളം: സംസ്ഥാനത്ത് ലിവിംഗ് ടുഗെതർ ബന്ധത്തിൽ ഉണ്ടാകുന്ന കുട്ടികളെ സംബന്ധിച്ചുള്ള തർക്കങ്ങൾ വർദ്ധിക്കുന്നതായി വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി. സതീദേവി. വിവാഹേതര ബന്ധങ്ങൾ വർദ്ധിക്കുന്നുണ്ട്. ഇത് കുട്ടികളെയും ബാധിക്കുന്നുണ്ടെന്നും സതീദേവി പറഞ്ഞു.എറണാകുളം ഗസ്റ്റ് ഹൗസ് ഹാളിൽ ചേർന്ന കമ്മീഷൻ ജില്ലാ മെഗാ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവർ.
സംസ്ഥാനത്ത് അടുത്തിടെയായി ലിവിംഗ് ടുഗെതർ വർദ്ധിക്കുന്നുണ്ട്. ഇതിനൊപ്പം തന്നെ ഈ ബന്ധത്തിൽ ജനിച്ച കുട്ടികൾക്ക് ആര് സംരക്ഷണം നൽകും എന്നതിനെ ചൊല്ലിയുള്ള പങ്കാളികൾ തമ്മിലുള്ള തർക്കങ്ങളും കൂടുന്നു. വിവാഹ ശേഷം മറ്റ് സ്ത്രീകളുമായും പുരുഷന്മാരുമായും ബന്ധം കാത്തുസൂക്ഷിക്കുന്ന ആളുകൾ അനവധിയാണ്. ഇത് കുടുംബ ബന്ധങ്ങൾ തകരുന്നതിന് കാരണം ആകുന്നു. ഇത് കുട്ടികളെയും ബാധിക്കുന്നുണ്ടെന്നും സതീദേവി കൂട്ടിച്ചേർത്തു.
അദാലത്തിൽ നിരവധി പരാതികളാണ് കമ്മീഷൻ മുൻപാകെ ലഭിച്ചത്. മലയാളിയ്‌ക്കെതിരെ വടക്കേ ഇന്ത്യയിൽ നിന്നുള്ള യുവതി നൽകിയ പരാതി ആയിരുന്നു ഇതിൽ പ്രധാനപ്പെട്ടത്. ലിവിംഗ് ടുഗെതർ ബന്ധത്തിൽ ഇവർക്ക് കുഞ്ഞുണ്ട്. ഈ കുഞ്ഞിനും യുവതിയ്ക്കും പ്രതിമാസം 15,000 രൂപ ജീവനാംശമായി നൽകാൻ അദാലത്തിൽ ഉത്തരവായി.
117 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. കമ്മീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, വി ആർ മഹിളാമണി എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
Discussion about this post