ബീജിംഗ് : ഉഭയ കക്ഷി ബന്ധം എത്രയും വേഗം സാധാരണനിലയിലാക്കാൻ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന് ചൈന. അഞ്ചു വർഷത്തിന് ശേഷം നടക്കുന്ന ഇന്ത്യ – ചൈന പ്രത്യേകപ്രതിനിധികളുടെ ചർച്ചയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ലിൻ ജീയാൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈന തയ്യാറാണ്. ഇരുരാജ്യങ്ങളുടേയും പ്രധാന താൽപര്യങ്ങളെയും ആശങ്കകളെയും പരസ്പരം ബഹുമാനിക്കുക ചർച്ചയിലൂടെയും ആശയവിനിമയത്തിലൂടെയും പരസ്പരവിശ്വാസം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത എന്നിവ ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രത്യേകം എടുത്തു പറഞ്ഞു.
2019 ഡിസംബറിലാണ് ഇന്ത്യയുടെയും ചൈനയുടെയും പ്രത്യേക പ്രതിനിധികൾ തമ്മിൽ ചർച്ചനടന്നത്. ഇതിന് ശേഷം ഇപ്പോഴാണ് ഇരു രാജ്യങ്ങളുടെ പ്രതിനിധികൾ ചർച്ച നടത്തുന്നത.് 2019 ന് ഡോവലും വാങ്ങും തമ്മിലുള്ള കൂടിക്കാഴ്ചകൾ അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിലല്ല, ബഹുമുഖ പ്രശ്നങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
ചർച്ചയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൊവ്വാഴ്ച ബെയ്ജിങ്ങിലെത്തി.
ചൈനയുടെ പ്രതിനിധിയായ വിദേശകാര്യമന്ത്രി വാങ് യിയായിരിക്കും ബുധനാഴ്ച നടക്കുന്ന ചർച്ച നയിക്കുക. കിഴക്കൻ ലഡാക്കിലെ സൈനികപിൻമാറ്റം പൂർത്തിയായ സാഹചര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യ-ചൈന അതിർത്തിയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്താൻ ഒക്ടോബറിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങും ആഹ്വാനം ചെയ്തത് . അതിർത്തിയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്തുക എന്നത് ഇരുരാജ്യങ്ങളുടെയും മുൻഗണന വിഷയമായി തുടരണമെന്നും പരസ്പര വിശ്വാസമാണ് ഉഭയകക്ഷി ബന്ധത്തിൻറെ അടിസ്ഥാനമെന്നും മോദി വ്യക്തമാക്കിയിരുന്നു.
Discussion about this post