കോട്ടയം : വെർച്വൽ അറസ്റ്റിൽ കുടുങ്ങിയ ഡോക്ടറെ തന്ത്രപരമായി രക്ഷിച്ച് എസ്ബിഐ ജീവനക്കാർ. കോട്ടയം ചങ്ങനാശ്ശേരിയിലാണ് സംഭവം. പെരുന്ന സ്വദേശിയായ ഡോക്ടറെ കബളിപ്പിച്ച് അഞ്ച് ലക്ഷം രൂപ കൈക്കലാക്കാൻ ആയിരുന്നു തട്ടിപ്പ് സംഘത്തിൻറെ ശ്രമം .സുപ്രീം കോടതിയുടെ പേരിൽ ഉണ്ടാക്കിയ വ്യാജ രേഖകൾ കാണിച്ചാണ് തട്ടിപ്പു സംഘം ഡോക്ടറെ കുടുക്കിയത്.
പോസ്റ്റൽ വഴി അയച്ച പാഴ്‌സലിൽ നിരോധിത വസ്തുക്കൾ കണ്ടെത്തി എന്ന് പറഞ്ഞാണ് ഡോക്ടർക്ക് കോൾ വന്നത്. മുംബൈ പോലീസ് എന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം ഡോക്ടറെ വിളിച്ചത്. സുപ്രീംകോടതിയിലെയും പോസ്റ്റൽ സർവീസിലെയും ചില വ്യാജ രേഖകളും ഡോക്ടർക്ക് വാട്‌സ്ആപ്പ് വഴി അയച്ചു കൊടുത്തു.
വീഡിയോ കോൾ വിളിച്ച് നടപടികൾ ഒഴിവാക്കാൻ അഞ്ച്‌ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. ഇതിൽ പരിഭ്രാന്തനായ ഡോക്ടർ ചങ്ങനാശ്ശേരി നഗരത്തിലുള്ള എസ് ബി ഐ ബാങ്കിൽ എത്തി തട്ടിപ്പ് സംഘം പറഞ്ഞ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്തു. അക്കൗണ്ട് വിവരങ്ങളും ഡോക്ടറുടെ പരിഭ്രാന്തിയും കണ്ടപ്പോൾ തന്നെ ബാങ്ക് ജീവനക്കാർക്ക് ചില സംശയങ്ങൾ തോന്നി. ആർക്കാണ് പണം അയക്കുന്നത് എന്ന് സർവീസ് മാനേജർ ചോദിച്ചപ്പോൾ സുഹൃത്തിനാണ് എന്നായിരുന്നു ഡോക്ടറുടെ മറുപടി.
ബാങ്ക് അധികൃതരാണ് പോലീസിൻറെ സൈബർ വിഭാഗത്തെ വിവരമറിയിച്ചത്. തുടർന്ന് ചങ്ങനാശ്ശേരി പോലീസ് ഡോക്ടറുടെ വീട്ടിലെത്തി. ആദ്യം അന്വേഷണത്തോട് ഡോക്ടർ സഹകരിച്ചില്ല. ഈ സമയത്തെല്ലാം ഡോക്ടർ തട്ടിപ്പു സംഘത്തിൻറെ വീഡിയോ കോളിൽ തുടരുകയായിരുന്നു. ഇതിനിടെ പോലീസ് ഇൻസ്‌പെക്ടർ വാതിൽ തുറന്ന് വീട്ടിൽ കയറി ഫോൺ വാങ്ങി പരിശോധിക്കുകയായിരുന്നു. ഒടുവിൽ മൊബൈൽ സ്‌ക്രീനിൽ ഒറിജിനൽ പോലീസിനെ കണ്ടതോടെ തട്ടിപ്പുകാർ ഫോൺ കട്ട് ചെയ്ത് മുങ്ങി.
Discussion about this post