മുംബൈ; പ്രമുഖ വാഹനിർമ്മാതാക്കളായ ഹോണ്ടയും നിസാനും കൈകോർക്കാൻ ഒരുങ്ങുന്നു. ചൈനീസ് െൈവദ്യുത കാർ നിർമ്മാതാക്കൾക്ക് ശക്തമായ മത്സരം കാഴ്ചവയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രബലശക്തികളായ ഇരു കമ്പനികളും പരസ്പരം സഹകരിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ തന്നെ നിസാൻ ഈ കാര്യത്തിൽ ഹോണ്ടയുമായി ചർച്ച ആരംഭിച്ചിരുന്നു.
ജാപ്പനീസ് ബിസിനസ് പത്രമായ ദ നിക്കേയ് ആണ് ഹോണ്ടയും നിസാനും സഹകരിക്കുമെന്ന് ആദ്യം റിപ്പോർട്ടു ചെയ്തത്. ഇരു കമ്പനികൾക്കുമിടയിൽ ചർച്ചകൾ തുടരുകയാണെന്ന കാര്യം അടുത്ത ആഴ്ചയിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാർച്ചിൽ സഹകരിക്കാൻ തീരുമാനിച്ച ഹോണ്ടയും നിസാനും ഓഗസ്റ്റിൽ ബാറ്ററി അടക്കമുള്ള ഇവി സാങ്കേതികവിദ്യകൾക്ക് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാൻ ധാരണയായിരുന്നു.
ജപ്പാനിലെ രണ്ടാമത്തേയും മൂന്നാമത്തേയും വലിയ കാർ നിർമ്മാണ കമ്പനികളുടെ സഹകരണം സങ്കീർണമാവുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. വലിയ കമ്പനികളുടെ കൂടിച്ചേരലുകൾ തൊഴിൽ നഷ്ടത്തിനിടയാക്കുന്നതിനാൽ ജപ്പാനിൽ വലിയ തോതിൽ രാഷ്ട്രീയ ചർച്ചകൾക്കു കാരണമാവാറുണ്ട്. ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുമായുള്ള സഹകരണത്തിന്റെ സങ്കീർണതകളും നിസാനുണ്ട്.
നവംബറിലെ കണക്കു പ്രകാരം ലോകമെങ്ങുമുള്ള വൈദ്യുത കാർ വിൽപനയിൽ 70 ശതമാനവും ചൈനീസ് കമ്പനികളാണ് കയ്യടക്കിവെച്ചിരിക്കുന്നത്. അതേസമയം 2023ൽ രാജ്യാന്തരവിപണിയിൽ 74 ലക്ഷം കാറുകൾ വിറ്റ കമ്പനികളാണ് ഹോണ്ടക്കും നിസാനും.
Discussion about this post