അടുക്കളയിൽ ഉരുളക്കിഴങ്ങ് ഇല്ലാത്ത വീടുകൾ ഉണ്ടാവില്ല. ഉപ്പേരി ഒഴിച്ച് കറയുമെല്ലാം ആയി അടുക്കളയിലെ സ്ഥിരസാന്നിധ്യമാണ് ഉരുളക്കിഴങ്ങ്. എന്നാൽ, വാങ്ങിച്ച് കുറച്ച് ദിവസം കഴിയുമ്പോൾ തന്നെ ഇത് മുളച്ചു പോവാറുണ്ട്. കളയണ്ടേ എന്ന് വിചാരിച്ച് ഇതിന്റെ മുളയെല്ലാം കളഞ്ഞ് ഉപയോഗിക്കുകയാണ് എല്ലാവരും ചെയ്യാറ്.
എന്നാൽ, മുളച്ച ഉരുളക്കിഴങ്ങ് പാകം ചെയ്ത് കഴിക്കുന്നത് ആരോഗ്യത്തിന് പലവിധ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. എന്തൊക്കെയാണ് മുളച്ച ഉരുളക്കിഴങ്ങ് കഴിച്ചാൽ ഉണ്ടാകുന്ന ദോഷങ്ങൾ എന്ന് നോക്കാം…
ഉരുളക്കിഴങ്ങിന്റെ മുളച്ച ഭാഗത്ത് ഗ്ലൈക്കോ ആൽക്കലോയിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചെറിയ തോതിൽ ശരീരത്തിൽ എത്തുന്നത് വലിയ പ്രശ്‌നമുള്ള കാര്യമല്ല. എന്നാൽ, കൂടിയ അളവിൽ ഈ പദാർത്ഥം ശരീരത്തിൽ എത്തുന്നത്, വയറുവേദന, വയറിളക്കം, ഛർദ്ദി എന്നിങ്ങനെയുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാൻ കാരണമാകും. അതുപോലെ തന്നെ കൂടിയ അളവിൽ ആൽക്കലോയിഡ് ശരീരത്തിനകത്ത് എത്തുന്നത് രക്തസമ്മർദ്ദം കൂടാനും പൾസ് കൂടാനും പനി, തലവേദന എന്നിങ്ങനെയുള്ള ശരീരിക അസ്വസ്ഥതകൾക്കും കാരണമാകും.
ഗർഭിണികൾ മുളച്ച ഉരുളക്കിഴങ്ങ് അൽപ്പം പോലും കഴിക്കരുതെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഗർഭിണികൾ മുളപ്പിച്ച ഉരുളക്കിഴങ്ങ് കഴിച്ചാൽ, ജനിക്കുന്ന കുഞ്ഞിന് ജനിതക വൈകല്യങ്ങൾ ഉണ്ടാകാൻ ഇടയാക്കും. ഉരുളക്കിഴങ്ങിന്റെ ഭാഗങ്ങളിൽ പച്ച നിറം കൂടുതലായി കാണുക, കഴിക്കുമ്പോൾ കയ്പ്പ് രുചി ഉണ്ടാകുക, എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവയിൽ ആൽക്കലോയിഡുകൾ കൂടുതലായിരിക്കും എന്നാണ് അർത്ഥം. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള ഉരുളക്കിഴങ്ങും ഒഴിവാക്കുകയാണ് നല്ലത്.
Discussion about this post