ന്യൂഡൽഹി: സ്ത്രീ സംരക്ഷണത്തിനായുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെ പറ്റി വീണ്ടും മുന്നറിയിപ്പുമായി സുപ്രീം കോടിതി. സ്ത്രീകളുടെ ക്ഷേമത്തിന് വേണ്ടി നടപ്പാക്കിയിട്ടുള്ള നിയമങ്ങൾ ഭർത്താക്കന്മാരെ ചൂഷണം ചെയ്യാനും കൊള്ളയടിക്കാനും ഭയപ്പെടുത്താനുമുള്ളതല്ലെന്ന് സുപ്രീം കോടതി ഓർമിപ്പിച്ചു. വിവാഹഹമോചനത്തിന് ശേഷം, സ്ത്രീകൾക്ക് നൽകുന്ന ജീവനാംശം മുൻപങ്കാളികളുടെ സാമ്പത്തിക നിലവാരം തുല്യമാക്കാനുള്ളതല്ല, പകരം, ഭർത്താക്കന്മാരെ ആശ്രയിച്ച് ജീവിച്ചിരുന്ന സ്ത്രീകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നതാണെന്നും കോടതി വ്യക്തമാക്കി.
വേർപിരിഞ്ഞ ഭാര്യയും അവരുടെ കുടുംബവും പ്രതിമാസ ജീവനാംശം 2 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പിന്നീട് അത് 3 കോടി രൂപയായി വർദ്ധിപ്പിച്ചെന്നും ആരോപിച്ച് അതുൽ സുഭാഷ് എന്ന വ്യക്തി സമീപിച്ചതിനെ തുടർന്നാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. മുൻ ഭർത്താവിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കാക്കുമ്പോൾ മുൻ ഭാര്യയെ അനിശ്ചിതമായി പിന്തുണയ്ക്കാൻ അദ്ദേത്തിന് ബാധ്യതയില്ലെന്ന് കോടതി വിധിച്ചു. ഒരു കുടുംബത്തിന്റെ അടിത്തറ എന്ന നിലയിലാണ് ഒരു ഹിന്ദു വിവാഹം ഒരു വിശുദ്ധ സ്ഥാപനമായി കണക്കാക്കുന്നത് എന്നും അല്ലാതെ, ഒരു ‘വാണിജ്യ സംരംഭം’ അല്ലെന്നും കോടതി നിരീക്ഷിച്ചു.
സ്ത്രീകൾക്ക് വേണ്ടിയുള്ള ഈ കർശനമായ നിയമ വ്യവസ്ഥകൾ ഭർത്താക്കന്മാരെ ശാസിക്കുന്നതിനോ ഭീഷണിപ്പെടുത്തുന്നതിനോ ആധിപത്യം സ്ഥാപിക്കുന്നതിനോ പണം തട്ടിയെടുക്കുന്നതിനോ ഉള്ളതല്ലെന്നും സ്ത്രീകളുടെ ക്ഷേമത്തിന് പ്രയോജനപ്രദമായ നിയമനിർമ്മാണങ്ങളാണെന്ന വസ്തുതയെക്കുറിച്ച് ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, പങ്കജ് മിത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. വേർപിരിയലിനു ശേഷമുള്ള ചില ദൗർഭാഗ്യകരമായ സംഭവങ്ങൾ കാരണം ഭർത്താവ് ദരിദ്രനാകുകയാണെങ്കിൽ, ഭർത്താവിനൊപ്പം സമ്പത്ത് തുല്യമാക്കാൻ ഭാര്യ തയ്യാറാകുമോ എന്നതിനെ കുറിച്ച് തങ്ങൾ ആശ്ചര്യപ്പെടുന്നുവെന്നും കോടതി കൂട്ടിച്ചേർത്തു.
ദമ്പതികളുടെ വിവാഹമോചനം ശരിവച്ച കോടതി മുൻ ഭാര്യക്ക് 12 കോടി രൂപ സ്ഥിരം ജീവനാംശമായി നൽകാൻ ഭർത്താവിനോട് ഉത്തരവിട്ടു. മുൻ ഭർത്താവിനെതിരെ ഭാര്യ നൽകിയ ക്രിമിനൽ കേസുകളും സുപ്രീം കോടതി റദ്ദാക്കി.
Discussion about this post