കിളിമാനൂർ: ഭവനരഹിതർക്കായി ബ്ലോക്ക് പഞ്ചായത്ത് ഫ്‌ളാറ്റ് നിർമാണം തുടങ്ങിയിട്ട് ആറ് വർഷത്തോളമായെങ്കിലും ഇപ്പോഴും സ്വന്തമായൊരു വീട് സ്വപ്‌നം കാണുന്നവർക്ക് ഇപ്പോഴും നിരാശയാണ്. ഇത്രയും നാളുകളായിട്ടും ഇവിടെ ഫ്‌ളാറ്റ് നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ബ്ലോക്ക് പഞ്ചാതയത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ചാണ് ഫ്‌ളാറ്റ് നിർമാണം ആരംഭിച്ചത്.
എട്ട് പഞ്ചായത്തിലെ ഭൂരഹിതരും ഭവനരഹിതരുമായ 51 പട്ടികജാതി കുടുംബങ്ങൾക്ക് വേണ്ടിയായിരുന്നു പദ്ധതി. നിർമാണം ആരംഭിക്കാനായി പഴയകുന്നുമ്മൽ പഞ്ചായത്തിലെ 80 സെന്റ് സ്ഥലവും ബ്ലോക്ക് പഞ്ചായത്ത് വിലക്ക് വാങ്ങിയിരുന്നു. വിദ്യഭ്യാസം, കുടിവെള്ളം, വൈദ്യുതി, വിനോദം തുടങ്ങിയ എല്ലാ സൗകര്യങ്ങളോടും കൂടിയ മൂന്ന് ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് നിർമിക്കാൻ തീരുമാനിച്ചത്. ഇതിൽ ഒന്ന് ഓണത്തിന് തുറന്ന് കൊടുക്കുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും ആ ഫ്‌ളാറ്റിന്റെ നിർമാണം ഇനിയും പൂർത്തിയായിട്ടില്ല. ബാക്കി രണ്ട് ഫ്‌ളാറ്റിന്റെയും നിർമാണം പാതി വഴിയിലാണ്.
ബ്ലോക്ക് പഞ്ചായത്തിന്റെ 2017-2018 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി, 64 ലക്ഷം രൂപയാണ് വസ്തു വാങ്ങുന്നതിന് അനുവദിച്ചത്. അടുത്ത സാമ്പത്തിക വർഷം, ഭവന സമുച്ചയത്തിന്റെ ആരംഭഗ, ചുറ്റുമതിൽ നിർമാണം എന്നിവയ്ക്കായി 74 ലക്ഷം രൂപയും അനുവദിച്ചിരുന്നു. പിന്നീട് തുടർ പ്രവർത്തനത്തിന് ബ്ലോക്ക് പഞ്ചായത്തിന്റെ തനത് ഫണ്ടും ചിലവഴിച്ചിരുന്നു.
എന്നാൽ, ഇത്രയേറെ തുട വകയിരുത്തിയിട്ടും ഇനിയും ഒരു ഫ്‌ളാറ്റ് പോലും ആവശ്യക്കാർക്ക് തുറന്ന് കൊടുക്കാൻ ബ്ലോക്കിന് കഴിഞ്ഞിട്ടില്ല. ഇതിൽ പ്രതിഷേധവും ഉയരുന്നുണ്ട്.
Discussion about this post