ജയ്പൂർ: രാജസ്ഥാനിൽ ഇന്ധനം നിറച്ച ടാങ്കറിൽ രാസവസ്തു കയറ്റിവന്ന ട്രക്ക് ഇടിച്ച് കൂട്ടിയിടിച്ച് ഏഴ് മരണം. 40ലേറെ ആളുകൾക്ക് പരിക്കേറ്റു. പുലർച്ചെ 5.30 ഓടെയാണ് സംഭവം. ജയ്പൂർ- അജ്മീർ ദേശീയപാതയിൽ പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്.
പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിയിരുന്ന സിഎൻജി നിറച്ച ടാങ്കറിൽ തീപിടിക്കുകയായിരുന്നു. പരിക്കേറ്റവരിൽ 28 പേരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. മരണനിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും പോലീസ് വ്യക്തമാക്കി.
തീ പടർന്നതിനെ തുടർന്ന് 300 മീറ്റർ പരിധിയിലുള്ള വാഹനങ്ങളെല്ലാം കത്തിനശിച്ചിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർമാർക്കും പൊള്ളലേറ്റിട്ടുണ്ട്. 10 കിലോമീറ്റർ അകലെ വരെ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി ജനങ്ങൾ അറിയിച്ചു. നിരവധി ഇന്ധന ടാങ്കുകൾ പൊട്ടിത്തെറിച്ചതുകൊണ്ട് തന്നെ തുടർച്ചയായി സ്‌ഫോടനം ഉണ്ടാകുകയായിരുന്നു. 20ഓളം അഗ്നിശമന യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
മുഖ്യമന്ത്രി ഭജൻലാൽ ശർമ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ‘ജയ്പൂർ-അജ്മീർ നാഷണൽ ഹൈവേയിൽ ഗ്യാസ് ടാങ്കറിന് തീപിടിച്ച് നിരവധി പേർ മരിച്ച ദുഃഖവാർത്ത കേൾക്കുന്നതിൽ എനിക്ക് അതിയായ ദുഖമുണ്ട്. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ ഞാൻ എസ്എംഎസ് ആശുപത്രിയിലെത്തി. പരിക്കേറ്റവർക്ക് ഉടൻ മികച്ച ചികിത്സ ഉറപ്പാക്കാൻ ഡോക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. നികത്താനാവാത്ത ഈ നഷ്ടം താങ്ങാനുള്ള ശക്തി മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകുകയും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കുകയും ചെയ്യട്ടെ’- ഭജൻലാൽ ശർമ എക്‌സിൽ കുറിച്ചു.
Discussion about this post