നമ്മുടെ വീടിന്റെ പരിസരത്ത് സ്ഥിരമായി കാണപ്പെടുന്ന പാമ്പാണ് ചേര. നിരുപദ്രവകാരിയാണെങ്കിലും ഈ പാമ്പുകളെ കാണുമ്പോൾ നമുക്ക് ഭയമാണ്. ഉയരങ്ങളിലേക്ക് വളരെ പെട്ടെന്ന് തന്നെ ഇഴഞ്ഞ് നീങ്ങാൻ കഴിയുന്ന ചേര പലപ്പോഴും മേൽക്കൂരയിൽ കയറി നമുക്ക് തലവേദനയും സൃഷ്ടിക്കാറുണ്ട്. മനുഷ്യരെ പൊതുവെ ഭയക്കുന്ന പാമ്പ് കൂടിയാണ് ചേര. മനുഷ്യരുടെ സാമീപ്യം തിരിച്ചറിഞ്ഞാൽ പിന്നെ അവ അവിടെ നിൽക്കാറില്ല.
മനുഷ്യർക്ക് പൊതുവെ ഉപകാരിയായ പാമ്പാണ് ചേര. ചേരയുള്ള സ്ഥലങ്ങളിൽ എലി ശല്യം ഉണ്ടാകില്ല. എലികളെയെല്ലാം ചേര പിടിച്ച് തിന്നും. അതുകൊണ്ട് തന്നെ കർഷകന്റെ സുഹൃത്ത് എന്നും ചേരയെ വിളിക്കാറുണ്ട്. ചേര ഏറ്റവും കൂടുതലായി ഭക്ഷിക്കുക എലികളെ ആണ്. എലികളെ പോലെ തന്നെ വിഷപാമ്പുകളും ചേരയുളള പ്രദേശത്തേയ്ക്ക് വരുകയില്ല. ഇതിന് രണ്ട് കാരണങ്ങളാണ് ഉള്ളത്.
ഇരയെ തേടിയാകും വിഷപാമ്പുകൾ നമ്മുടെ വീടിന്റെ പരിസരത്ത് എത്തുക. ഈ പാമ്പുകളുടെ പ്രിയപ്പെട്ട ആഹാരമാണ് എലി. ചേരയുള്ള സ്ഥലങ്ങളിൽ എലികൾ ഇല്ലാത്തതിനാൽ വിഷ പാമ്പുകൾ ഇവിടേയ്ക്ക് അടുക്കുകയില്ല.
രാജവെമ്പാല മറ്റ് പാമ്പുകളെ തിന്നുമെന്ന് നമുക്ക് അറിയാം. അതുപോലെ തന്നെ ചേരകളും മറ്റ് പാമ്പുകളെ ഭക്ഷിക്കാറുണ്ട്. വിഷ പാമ്പുകളെയും ചേരകൾ ഭക്ഷിക്കും. മുട്ട വിരിഞ്ഞ് മാളം തേടി സഞ്ചരിക്കുന്ന വിഷ പാമ്പിൻ കുഞ്ഞുങ്ങൾ ചേരയുടെ മാളത്തിൽ എത്താറുണ്ട്. ഇതിനെ ചേര ആഹാരമാക്കും.
Discussion about this post