കോഴിക്കോട്: മലയാളത്തിന്റെ അക്ഷരസുകൃതം എംടി വാസുദേവൻ നായർ വിടവാങ്ങിയിരിക്കുകയാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 91 വയസായിരുന്നു. എംടിയുടെ വേർപാടിൽ അദ്ദേഹത്തിന്റെ ഓർമ്മകൾ അയവിറക്കുകയാണ് കോഴിക്കോട് നഗരം. കൂടല്ലൂരുകാരനാണെങ്കിലും അദ്ദേഹത്തിന്റെ കർമ്മ മണ്ഡലം കോഴിക്കോടായിരുന്നു. 12ാം വയസ് മുതൽ ആകർഷിച്ച പ്രിയനഗരത്തിലേക്ക് 1956 ലാണ് അദ്ദേഹം ജോലി കിട്ടി എത്തുന്നത്.
കോഴിക്കോട്ടെ വീട്ടിലിരുന്ന് ബീഡി വലിച്ച് അദ്ദേഹം കഥകൾ എഴുതിക്കൂട്ടി. മലയാളത്തിന്റെ പ്രിയപ്പെട്ട കലാകാരനായി ചിറകടിച്ചുയർന്നു. എസ്‌കെ പൊറ്റക്കാടും വൈക്കം മുഹമ്മദ് ബഷീറും തിക്കോടിയനും ഉറൂബും പോലെയുള്ള പ്രതിഭകളാൽ നിറഞ്ഞ കോഴിക്കോടിന് അങ്ങനെ എംടിയും സ്വന്തക്കാരനായി. കോഴിക്കോട് കൊട്ടാരം റോഡിലെ സിതാരയിലൂടെ നിളപോലെ കഥളൊഴുകി.
അച്ഛന്റെ വിരൽപിടിച്ച് കുഞ്ഞായിരിക്കുമ്പോൾ കോഴിക്കോടേക്ക് വന്ന ഓർമ്മ എംടി ഒരിക്കൽ പങ്കുവച്ചിരുന്നു. സിലോണിൽ നിന്നെത്തിയ അച്ഛന്റെ കൂടെ ഗമയിൽ എത്തിയ മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർക്ക് അന്ന് വയസ് വെറും പന്ത്രണ്ട്. കേവലം അരദിവസത്തിൽത്താഴെമാത്രം നീണ്ട നഗരസന്ദർശനമായിരുന്നു അത്. കൂടല്ലൂരുപോലൊരു ഉൾനാടൻ ഗ്രാമത്തിൽനിന്നെത്തിയ സാധാരണബാലനെ ഈ നഗരക്കാഴ്ചകൾ വശീകരിക്കാതിരിക്കുന്നതെങ്ങനെ? അത്തരം കാഴ്ചകൾ മനസ്സിലേറ്റി മടങ്ങുമ്പോഴും പിന്നീടെന്റെ തട്ടകം കോഴിക്കോട്ടാവുമെന്ന് ഞാനന്ന് ഊഹിച്ചതേയില്ല.” – എം. ടി കോഴിക്കോടിനെക്കുറിച്ചെഴുതിങ്ങനെ
എം.ടിക്ക് കോഴിക്കോട് എന്നു പറയുമ്പോൾ അത് ഹോട്ടലുകളിൽനിന്നു ഹോട്ടലുകളിലേക്കുള്ള ഓർമകൂടിയാണ്. ഭക്ഷണശാലകളായ ഹോട്ടലുകളിൽനിന്ന് താമസസ്ഥലങ്ങളായ ഹോട്ടലുകളെക്കുറിച്ചാണ് അദ്ദേഹം എപ്പോഴും വാചാലനാകാറ്. എം.ടിയുടെ ഭാഷയിൽ പറഞ്ഞാൽ എഴുത്തുമേശ ഇടാൻ ഒരിടമായിരുന്നു ആ ഹോട്ടലുകൾ. വീട്ടിലിരുന്ന് അധികവും എഴുതുക പതിവില്ല എന്ന് എം.ടി. പറയാറുണ്ട്.
ഒരുപക്ഷേ കോഴിക്കോട്ട് ഇന്ന് ഏറ്റവും കൂടുതൽ കത്തുകൾ വരുന്ന വീട് എം.ടിയുടേതായിരിക്കും. കത്തെഴുത്തു കുറഞ്ഞുവരുന്നു എന്നു പറയുന്ന ഇക്കാലത്തും നാൽപ്പതോ അൻപതോ കത്തുകളെങ്കിലും ദിവസവും ഇവിടെ എത്തുന്നു.”പണ്ടൊക്കെ നൂറ് കത്തുകളൊക്കെ ദിവസവും വന്നിരുന്നു. ഇന്നും ധാരാളം കുട്ടികൾ കത്തയയ്ക്കാറുണ്ട്. കുട്ടികളുടെ കത്തുകൾക്കാണ് എത്ര വയ്യെങ്കിലും മറുപടി അയയ്ക്കുന്നത്. അവരെഴുതുന്നതാവുമ്പോൾ കളയാൻ തോന്നാറുമില്ലെന്ന് എംടി ഒരിക്കൽ പറഞ്ഞിരുന്നു.കോഴിക്കോടുമായി ബന്ധപ്പെട്ട മധുരമുള്ള ഓര്‍മകള്‍ നിറഞ്ഞ ലേഖന സമാഹാരം വരെ അദ്ദേഹം പുറത്തിറക്കിയിരുന്നു. മധുരിക്കുന്ന കോഴിക്കോട് എന്നായിരുന്നു അതിന് നൽകിയ പേര്. കോഴിക്കോട് ഒരാത്മാവുളള നഗരമാണ്.ഇവിടെനിന്ന് അധികസമയം വിട്ടുനില്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.കോഴിക്കോടിന്റെ കടല്‍തീരം, നാടക–സിനിമാ ചരിത്രം, കായികമേഖല,മാനാഞ്ചിറ അങ്ങനെ കോഴിക്കോടിനെ ഓര്‍മകളിലൂടെ വരച്ചുകാട്ടുകയാണ് പുസ്തകത്തില്‍.
Discussion about this post