എറണാകുളം: ആശുപത്രികൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഹൈക്കോടതി. ആശുപത്രികൾ ‘ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ’ ആണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കർശനമായ നിയമ നടപടികളിലൂടെ നാശനഷ്ടം വരുത്തുന്നതിൽ നിന്നും ആശുപത്രികളെ സംരക്ഷിക്കപ്പെടണമെന്നും ഹൈക്കോടതി പറഞ്ഞു.
ഡിസംബർ ഏഴിന് തിരുവനന്തപുരത്തെ ആയുർവേദ ആശുപത്രിക്ക് നാശനഷ്ടം വരുത്തിയ കേസിൽ പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിനിടെയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ സുപ്രധാന നിരീക്ഷണം. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി പ്രതി 10,000 രൂപ കോടതിയിൽ കെട്ടിവയ്ക്കണമെന്നും ഇയാൾ കുറ്റവിമുക്തനായാൽ പണം തിരികെ ലഭിക്കുമെന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, ആശുപത്രിയുടെ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്ന തുക ഉപയോഗിക്കുമെന്നും കോടതി വ്യക്തമാക്കി. ഇത്തരം കേസുകളിൽ ജാമ്യം അനുവദിക്കുന്നതിന് സമാനമായ വ്യവസ്ഥകൾ ഉൾപ്പെടുത്തുന്നതിന് 2012ലെ കേരള ഹെൽത്ത് കെയർ സർവീസ് പേഴ്സൺസ് ആൻഡ് ഹെൽത്ത് കെയർ ഇൻസ്റ്റിറ്റിയൂഷൻസ് (അക്രമവും സ്വത്ത് നാശവും തടയൽ) നിയമം ഭേദഗതി ചെയ്യുന്ന കാര്യം സംസ്ഥാന നിയമസഭ പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ആശുപത്രികൾ വെറും കെട്ടിടങ്ങൾ മാത്രമല്ല, അവർ പ്രത്യാശയുടെയും രോഗശാന്തിയുടെയും പ്രതീകങ്ങളാണ്. അത്തരം സ്ഥലങ്ങളിൽ നടക്കുന്ന ഏതൊരു നശീകരണവും പോലീസും ജുഡീഷ്യറിയും ജാഗ്രതയോടെയും കൈകാര്യം ചെയ്യണമെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, മെഡിക്കൽ ജീവനക്കാരുടെ അശ്രദ്ധയോ മോശം പെരുമാറ്റമോ മൂലമാണ് ആശുപത്രികളിൽ പലപ്പോഴും സംഘർഷങ്ങൾ ഉണ്ടാകുന്നത് എന്ന് അംഗീകരിച്ച കോടതി, ഇത്തരം പെരുമാറ്റങ്ങൾക്ക് ആശുപത്രി കെട്ടിടമോ ആശുപത്രി സാമഗ്രികളോ നശിപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും ദൈവങ്ങളെ ആരാധിക്കാൻ ആളുകൾ പോകുന്ന ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങളാണ് ആശുപത്രികൾ. അതിനാൽ നിയമത്തിന്റെ ഉരുക്കു കരങ്ങൾ ഉപയോഗിച്ച് ആശുപത്രികളിലെ നശീകരണ പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും കോടതി പറഞ്ഞു.
Discussion about this post