ന്യൂഡൽഹി: വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിന്റെ ഭാര്യ പ്രീതി നാരായണൻ. ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളിൽ നിങ്ങളെ പിന്തുടരുമ്പോൾ വലിയ സന്തോഷം ആയിരുന്നു. ഇനി ഇപ്പോൾ ഭാരമെല്ലാം നിലത്തിറക്കിവച്ച് കുടുംബത്തോടൊപ്പം ചിലവഴിക്കേണ്ട നിമിഷം ആണ് ഇതെന്നും പ്രീതി.
ഒട്ടും വ്യക്തതയില്ലാത്ത രണ്ട് ദിവസം ആയിരുന്നു കടന്ന് പോയത്. എന്താണ് പറയേണ്ടത് എന്ന് അറിയില്ല. എല്ലാ കാലത്തും എന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരത്തിനോടുള്ള കുറിപ്പായി ഇതിനെ കാണണോ?. അതോ എന്റെ പങ്കാളി എന്ന നിലയിൽ കാണണോ?. അതുമല്ലെങ്കിൽ ഒരു ആരാധകയിൽ നിന്നുള്ള പ്രണയ ലേഖനമായി ഇതിനെ കാണണോ?. എല്ലാറ്റിനും ഉപരി ആയിരിക്കും ഇപ്പോൾ ഞാൻ പറയുന്ന വാക്കുകൾ എന്നാണ് എനിക്ക് തോന്നുന്നത്.
അശ്വിനെ കാണുമ്പോൾ 14 വർഷത്തെ ഓർമ്മകൾ ആണ് വരുന്നത്. അതിൽ വലിയ വിജയങ്ങൾ, പുരസ്‌കാരങ്ങൾ, നിശബ്ദത, നീണ്ടു നിൽക്കുന്ന ഷവറിന്റെ ശബ്ദം, പുസ്‌കതത്തിൽ എഴുതുമ്പോഴുണ്ടാകുന്ന പെൻസിലിന്റെ ശബ്ദം, അങ്ങനെ നീളുന്നു. ഒരു ക്രിക്കറ്റ് ബാറ്റ് പോലും ഒന്നിച്ച് വയ്ക്കാൻ അറിയാത്തതിൽ നിന്നും ലോകമെമ്പാടുമുള്ള സ്റ്റേഡിയങ്ങളിൽ നിങ്ങളെ പിന്തുടരുന്നതിലേക്കുവരെ ഞാൻ എത്തി. നിങ്ങൾക്കായി കാത്തിരിക്കുന്നതും നിങ്ങളിൽ നിന്നും പഠിക്കുന്നതും എനിക്ക് സന്തോഷം ആണ്.
ക്രിക്കറ്റിനെ സ്‌നേഹിക്കാനും മത്സരങ്ങൾ കാണാനുമുള്ള ആനുകൂല്യം ഈ ലോകം നൽകി. ഒരിക്കൽ അശ്വിൻ ഇതെല്ലാം ചെയ്യേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു. ഇതുവരെ ജീവിതത്തിൽ സംഭവിച്ച എല്ലാ സംഭവങ്ങളും ഓർക്കുന്നു. നിങ്ങളുടെ കഴിവിനെ മെച്ചപ്പെടുത്തിയില്ലെങ്കിൽ ഇതൊന്നും സാദ്ധ്യമാകില്ലായിരുന്നു. ഇപ്പോൾ എല്ലാ ഭാരവും നിലത്തിറക്കി വയ്‌ക്കേണ്ട സമയം ആണ്. നിങ്ങളുടെ ഇഷ്ടത്തിന് ജീവിക്കാം, കുറച്ച് അധികം കലോറിയ്ക്ക് സ്ഥാനം നൽകാം. കുടുംബത്തിന് വേണ്ടി സമയം ചിലവഴിക്കാം. എന്തിന് വേണ്ടിയും ഇനി സമയം ചിലവഴിക്കാമെന്നും പ്രീതി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ആയിരുന്നു ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ടെസ്റ്റ് ക്രിക്കറ്റുകളിൽ നിന്നും വിരമിക്കുകയാണെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
Discussion about this post