ലക്‌നൗ: ഭക്തരുടെ വസ്ത്രധാരണം സംബന്ധിച്ച് നിർദ്ദേശം പുറത്തിറക്കി താക്കൂർ ബങ്കേബിഹാരി ക്ഷേത്രം. ചില വസ്ത്രങ്ങൾ ധരിച്ച് ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. മാന്യമായ വസ്ത്രം ധരിച്ച് എത്തുന്നവർക്ക് മാത്രമേ ഇനി മുതൽ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കൂവെന്നും അധികൃതർ അറിയിച്ചു. നിർദ്ദേശം അടങ്ങിയ പോസ്റ്ററുകളും ബാനറുകളും വഴിനീളെ അധികൃതർ പതിപ്പിച്ചിട്ടുണ്ട്.
ക്ഷേത്രത്തിന്റെ സംസ്‌കാരത്തിന് അനുയോജ്യമല്ലാത്ത രീതിയിൽ വസ്ത്രം ധരിച്ച് നിരവധി പേരാണ് ദർശനത്തിന് എത്തുന്നത്. ഇതേ തുടർന്നാണ് ഇത്തരത്തിൽ അധികൃതർ നിർദ്ദേശം പുറപ്പെടുവിച്ചത്. മിനി സ്‌കർട്ട്, കീറിയ ജീൻസ്, ഷോർട്ട്‌സ്, ട്രൗസർ, നൈറ്റ് വെയർ, തുടങ്ങിയ വസ്ത്രങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ഇത്തരം വസ്ത്രങ്ങൾ ക്ഷേത്രവുമായി ബന്ധപ്പെട്ട് തുടരുന്ന സംസ്‌കാരത്തിന് വിരുദ്ധമാണെന്ന് അധികൃതർ അറിയിച്ചു.
ക്ഷേത്രത്തിന്റെ പരിശുദ്ധിയും സംസ്‌കാരവും കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് നിർദ്ദേശം പുറപ്പെടുവിച്ചത് എന്ന് ക്ഷേത്രം മാനേജർ മുനിഷ് ശർമ്മ പറഞ്ഞു. ജീൻസ്, ടീ ഷർട്ട് എന്നിവ ധരിച്ച് ആളുകൾ, പ്രത്യേകിച്ച് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഉള്ളവർ ധാരാളമായി ക്ഷേത്രത്തിൽ എത്താറുണ്ട്. ഇതൊരിക്കലും ക്ഷേത്രത്തിന്റെ പാരമ്പര്യത്തിന് അനുയോജ്യം അല്ല. എല്ലാ വർഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്ത് നിന്നും പതിനായിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ എത്താറുള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post