ന്യൂഡൽഹി: ഇന്ത്യ, ആരെയും ഭയക്കാതെ ദേശീയ താത്പര്യത്തിനും ആഗോളനന്മയ്ക്കുമായി ശരിയായത് ചെയ്യുമെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഇന്ത്യയുടെ തീരുമാനങ്ങളെയും താത്പര്യങ്ങളെയും ഏകപക്ഷീയമായി എതിർക്കാനോ തള്ളാനോ ആരെയും അനുവദിക്കില്ല. തങ്ങളുടെ തീരുമാനം അവരെ അടിച്ചേൽപ്പിക്കാനോ അനുസരിപ്പിക്കാനോ ശ്രമിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോളവൽക്കരണ കാലത്ത് സാങ്കേതികവിദ്യയും പാരമ്പര്യവും ഒരുമിച്ച് മുന്നേറണമെന്ന് വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യ പുരോഗമിക്കേണ്ടത് അനിവാര്യമാണ്. അത് സംഭവിക്കുക തന്നെ ചെയ്യും. പക്ഷേ അത് അതിന്റെ ഭാരതീയത നഷ്ടപ്പെടാതെ വേണം പുരോഗതി കൈവരിക്കേണ്ടത്. എങ്കിൽ മാത്രമേ നമുക്ക് ഒരു ബഹുധ്രുവലോകത്തിലെ ഒരു മുൻനിര ശക്തിയായി ഉയർന്നുവരാൻ കഴിയൂവെന്നും ജയശങ്കർ പറഞ്ഞു. യുവതലമുറ രാജ്യത്തിന്റെ പൈതൃകത്തിന്റെ മൂല്യത്തെയും പ്രാധാന്യത്തെയും കുറിച്ച് പൂർണ്ണമായി ബോധവാന്മാരാകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തെ ഒരിക്കലും നിഷ്പക്ഷതയുമായി കൂട്ടിക്കുഴയ്ക്കരുത്. അനുരൂപപ്പെടാൻ ഭയക്കാതെ നമ്മുടെ ദേശീയ താൽപ്പര്യത്തിനും ആഗോള നന്മയ്ക്കുമായി ശരിയായത് ഞങ്ങൾ ചെയ്യും. മറ്റുള്ളവരെ അതിന്റെ തിരഞ്ഞെടുപ്പുകളിൽ വീറ്റോ അനുവദിക്കാൻ ഭാരതത്തിന് ഒരിക്കലും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഇന്ന് ഒരു നിർണായക ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. ദാരിദ്ര്യം, വിവേചനം, അവസരങ്ങളുടെ അഭാവം തുടങ്ങിയ നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചു. ലോകരാജ്യങ്ങൾക്ക് ഇടയിൽ ഇന്ത്യ ഒരു സ്വതന്ത്ര ശക്തിയായി ഇതിനോടകം അടയാളപ്പെടുത്തി കഴിഞ്ഞു. എന്നാൽ സ്വാതന്ത്ര്യം എന്നതിനെ നിഷ്പക്ഷതയായി ആരും കരുതരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ആഗോള നന്മയ്ക്കായി പ്രതിജ്ഞാബദ്ധനായ നിർണായക ശക്തിയായി ഇന്ത്യ മാറിയെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post