തിരുവനന്തപുരം: കൊച്ചിയിൽ നടന്ന എൻസിസി സംസ്ഥാന ക്യാമ്പിലുണ്ടായ ഭക്ഷ്യവിഷബാധയെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നതവിദ്യഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. സംഭവം അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ് ഐഎഎസിനെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രണ്ട് ദിവസത്തിന് ശേഷം ക്യാമ്പ് വീണ്ടും ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കാക്കനാട് കെഎംഎം കോളേജിലെ എൻസിസി ക്യാമ്പിൽ പങ്കെടുത്തവിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 70ഓളം വിദ്യാർത്ഥികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. എല്ലാ വിദ്യാർത്ഥികളുടെയും ആരോഗ്യനില തൃപ്തികരമാണ്. തൃക്കാക്കര ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
എൻസിസി ഡയറക്ടറേറ്റിന്റെ കീഴിലുള്ള 21 കേരള ബറ്റാലിയൻ എൻസിസി എറണാകുളത്തിലെ സ്‌കൂൾ/കോളേജ് കേഡറ്റുകൾ പങ്കെടുക്കുന്ന പത്ത് ദിവസത്തെ സംയുക്ത വാർഷിക പരിശീലന ക്യാമ്പാണ് നടക്കുന്നത്. ഈ മാസം 20നാണ് ക്യാമ്പ് ആരംഭിച്ചത്.
അതേസമയം, എൻസിസി ക്യാമ്പിലെ വിദ്യാർത്ഥികളോട് മോശമായി പെരുമാറിയ സംഭവത്തിൽ എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം ഭാഗ്യലക്ഷ്മി, എസ്എഫ്ഐ പ്രവർത്തകൻ ആദർശ് എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. വിദ്യാർത്ഥികളുടെ പരാതിയെ തുടർന്നാണ് നടപടി. അതേസമയം എൻസിസി ക്യാമ്പിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 10 പേർക്കെതിരെയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന പരാതിയിൽ ആണ് ഭാഗ്യലക്ഷ്മിയ്ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുള്ളത്. വിദ്യാർത്ഥികളെ മർദ്ദിച്ചതിനാണ് മറ്റ് എസ്എഫ്ഐക്കാർക്കെതിരെ കേസ് എടുത്തിട്ടുള്ളത്. അതേസമയം വിദ്യാർത്ഥികൾ ആരോപിക്കുന്നത് പോലെയുള്ള പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
Discussion about this post