തൃശ്ശൂർ: എക്‌സൈസ് ഇൻസ്‌പെക്ടറുടെ ഓഫീസിൽ പരിശോധന. മദ്യവും പണവും പിടിച്ചെടുത്തു. ഇവയ്‌ക്കൊപ്പം മൂന്ന് ക്രിസ്തുമസ് കേക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ക്രിസ്തുമസ് തലേന്ന് പണത്തിന്റെയോ മദ്യത്തിന്റെയോ ഇടപാടുകളുണ്ടോ എന്ന് അറിയാൻ വേണ്ടിയായിരുന്നു വിജിലൻസ് പരിശോധന നടത്തിയത്.
വാഹനത്തിലും ഓഫീസിനുള്ളിലും ആണ് പരിശോധന നടത്തിയത്. ഓഫീസിൽ നിന്നും 72,500 രൂപയും ക്രിസ്തുമസ് കേക്കുകളുമാണ് പിടിച്ചെടുത്തത്. ഇതിൽ നിന്നും 30,000 രൂപ എക്‌സൈസ് ഓഫീസറുടെ പക്കൽ നിന്നുമാണ് പിടിച്ചെടുത്തത്. ഇതിന് പുറമേ വാഹനത്തിൽ നിന്നും 10 കുപ്പി മദ്യവും 42,500 രൂപയും കണ്ടെടുത്തിട്ടുണ്ട്. ബെക്കാഡി, സ്മിർനോഫ്, മോർഫ്യൂസ് എന്നീ ബ്രാൻഡുകളിൽ പെട്ട വിലകൂടിയ മദ്യം ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ആദ്യം വാഹനത്തിലും പിന്നീട് ഓഫീസിലും ആയിട്ടായിരുന്നു പരിശോധന.
എക്‌സൈസ് ഉദ്യോഗസ്ഥർക്ക് പാരിതോഷികമായി ലഭിച്ചതോ, നൽകാനായി സൂക്ഷിച്ചതോ ആണ് ഈ മദ്യം എന്നാണ് സൂചന. സംഭവത്തിൽ വിജിലൻസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
ക്രിസ്തുമസിനും പുതുവത്സരത്തിനുമെല്ലാം എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ഇത്തരത്തിൽ പാരിതോഷികം ലഭിക്കാറുണ്ട്. ഇത്തരത്തിൽ പാരിതോഷികം ലഭിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു വിജിലൻസ് പരിശോധന നടത്തിയത്. ഡിവൈഎസ്പി ഷിബുവിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് ആണ് പരിശോധന നടത്തിയത്.
Discussion about this post