കോഴിക്കോട്: 1996 ൽ ഇന്ത്യ ഭരിക്കാൻ ലഭിച്ച അവസരം സിപിഎം സ്വീകരിക്കേണ്ടതായിരുന്നുവെന്ന് സിപിഐ ദേശീയ നിർവാഹക സമിതിയംഗവും രാജ്യസഭ എംപിയുമായ പി സന്തോഷ് കുമാർ. അന്ന് ആ അവസരം സ്വീകരിച്ചിരുന്നുവെങ്കിൽ ഇടതുപക്ഷത്തിന് കൂടുതൽ സ്വീകാര്യത കിട്ടുമായിരുന്നു. സാന്നിദ്ധ്യമറിയിക്കുകയും ജനമറിയുകയും ചെയ്യുകയെന്നത് പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാകണമെന്ന് ആഗ്രഹിക്കുന്നവരും മറിച്ചുള്ളവരും എന്നാണ് ദേശീയ രാഷ്ട്രീയ ചിത്രം.ഏറ്റവും വലിയ മതനിരപേക്ഷ ശക്തി കോൺഗ്രസ് ആണ്. കേരളത്തിലെ എൽ.ഡി.എഫ് പോലെയല്ല ഇൻഡ്യ സഖ്യം. കാലഘട്ടം ആവശ്യപ്പെടുന്ന നീക്കുപോക്കാണിത്. കോൺഗ്രസിന് പിന്നിൽ സി.പി.ഐ അണിനിരക്കേണ്ടി വന്നുവെന്ന പ്രയോഗത്തോട് യോജിപ്പില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പല കാര്യങ്ങളിലും യോജിക്കാനാകാത്ത കോൺഗ്രസ് പോലുള്ളവരുമായി കൈകോർക്കാൻ സാധിക്കുന്നതാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ വലിയ ശക്തി. കോൺഗ്രസിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ മനസിലുണ്ടെങ്കിലും വർഗീയതക്കെതിരെ അവർക്കൊപ്പം നിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
196 ൽ കോൺഗ്രസിന് ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തിൽ കൂട്ടുമന്ത്രിസഭയുടെ നേതാവായി സിപിഎം മുതിർന്ന നേതാവും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ജ്യോതി ബസു വരണമെന്നായിരുന്നു പൊതു അഭിപ്രായം. എന്നാൽ വേണ്ടെന്ന തീരുമാനമാണ് സിപിഎം കേന്ദ്രകമ്മറ്റിയും പോളിറ്റ്ബ്യൂറോയും സ്വീകരിച്ചത്. പാർട്ടി അത് നിരാകരിക്കുകയായിരുന്നു. പിൻകാലത്ത് അതിനെ ചരിത്രപരമായ മണ്ടത്തരമെന്നാണ് ജ്യോതി ബസു വിശേഷിപ്പിച്ചത്.
Discussion about this post