ന്യൂഡൽഹി: കോടീശ്വരൻ എന്ന വാക്ക് കേൾക്കുമ്പോൾ നമ്മുടെ മനസിലേക്ക് ആദ്യം ഓടി എത്തുന്ന പേര് മുകേഷ് അംബാനിയുടേത് ആകും. അദ്ദേഹം നയിക്കുന്ന ആഡംബര ജീവിതം ആണ് ഇതിനുള്ള പ്രധാന കാരണം. വിലയേറിയ വസ്ത്രങ്ങളും കാറുകളും ആണ് അംബാനിയ്ക്കുള്ളത്. ലോകത്തെ തന്നെ ഏറ്റവും വലിയ വീടുകളിൽ ഒന്ന് അംബാനിയുടേത് ആണ്. അടുത്തിടെ ആയിരുന്നു അംബാനിയുടെ മകന്റെ വിവാഹം. ഇതിന് തന്നെ 400 ഓളം കോടി രൂപയാണ് അംബാനിയ്ക്ക് ചിലവായത്. ഇനി അദാനി ആണെങ്കിലും വലിയ ആഡംബരപൂർണമായ ജീവിതമാണ് നയിക്കുന്നത്.
എന്നാൽ ഇവരിൽ നിന്നും തീർത്തും വ്യത്യസ്തനാണ് തമിഴ്‌നാട് സ്വദേശിയായ രാമസ്വാമി ത്യാഗരാജൻ എന്ന ആർ ത്യാഗരാജൻ. കോടികൾ വിലമതിയ്ക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ ആണെങ്കിലും ലളിതമായ ജീവിതമാണ് അദ്ദേഹത്തിന്റേത്. സ്വന്തമായി ഒരു മൊബൈൽ ഫോൺ പോലും അദ്ദേഹത്തിനില്ല.
ചെന്നൈ ആസ്ഥാനമായുള്ള ശ്രീറാം ഗ്രൂപ്പിന്റെ സ്ഥാപകൻ ആണ് അദ്ദേഹം. 1.5 ലക്ഷം കോടിയാണ് അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ മൂല്യം. എന്നാൽ വർഷങ്ങളായി അദ്ദേഹം താമസിക്കുന്നത് സാധാരണ വീട്ടിൽ. മൊബൈൽ ഫോൺ ത്യാഗരാജൻ ഉപയോഗിക്കാറില്ല. ആഡംബര വസ്തുക്കൾ വാങ്ങി കൂട്ടുന്നതിലും അദ്ദേഹത്തിന് പ്രിയമില്ലയ ഓഡി, ബെൻസ് മുതലായ ആഡംബര വാഹനങ്ങൾക്കായി പണം പാഴാക്കാനും അദ്ദേഹത്തിന് താത്പര്യമില്ല. ആറ് ലക്ഷം രൂപ വില കൊടുത്ത് വാങ്ങിയ സാധാരണ കാറിലാണ് അദ്ദേഹത്തിന്റെ യാത്ര. അതും സ്വന്തമായി ഓടിയ്ക്കും.
1960 ൽ ആരംഭിച്ച ചിട്ടി കമ്പനി ആയിരുന്നു ഇന്നത്തെ കോടികളുടെ ബിസിനസ് സാമ്രാജ്യത്തിന് അടിത്തറപാകിയത്. വർഷങ്ങൾക്ക് ശേഷം തമിഴ്‌നാട്ടിലെ തന്നെ പ്രമുഖ ധനകാര്യ സ്ഥാപനമായി ഇത് മാറി. സാധാരണ കുടുംബത്തിൽ ആയിരുന്നു ത്യാഗരാജന്റെ ജനനം. ഗ്രാമത്തിലെ സ്‌കൂളുകളിലായി അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് കൊൽക്കത്തയിൽ നിന്നും ഉന്നത വിദ്യാഭ്യാസവും പൂർത്തിയാക്കി. ജീവിതത്തിന്റെ രണ്ട് അറ്റം കൂട്ടിമുട്ടിയ്ക്കാനായി പാടുപെടുന്ന സാധാരണക്കാരുടെ ജീവിതം ആണ് ത്യാഗരാജൻ മാതൃകയാക്കുന്നത്.
Discussion about this post