മലപ്പുറം; 2019 ൽ ലഭിച്ച പ്രളയ ദുരിതാശ്വാസ തുക തിരിച്ചടയ്ക്കണം എന്നാവശ്യപ്പെട്ട് ദുരിത ബാധിതർക്ക് നോട്ടീസ്. സാങ്കേതിക പിഴവ് മൂലം പതിനായിരം രൂപ അധികമായി ലഭിച്ചു എന്നും ഈ തുക തിരികെ അടയ്ക്കണം എന്നും ചൂണ്ടിക്കാട്ടി റവന്യൂവകുപ്പ് ആണ് നോട്ടീസ് നൽകിയിരിക്കുന്നത്. അഞ്ച് വർഷത്തിന് ശേഷമാണ് സർക്കാറിന്റെ ഈ വിചിത്ര നടപടി.
മലപ്പുറം തിരൂരങ്ങാടിയിൽ 125 കുടുംബങ്ങൾക്ക് നോട്ടീസ് ലഭിച്ചു.
നോട്ടീസ് ലഭിച്ച് ഒരാഴ്ചക്കകം പണം തിരിച്ചടക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്. താലൂക്ക് ഓഫീസിൽ ഈ പണം അടക്കണമെന്ന് നിർദേശം. അടുത്ത് നടത്തിയ ഓഡിറ്റിങ്ങിലാണ് പണം അധികമായി നൽകിയ കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഉദ്യോഗസ്ഥ പിഴവാണുണ്ടായതെന്നാണ് വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പണം തിരിച്ചുപിടിക്കാൻ നടപടികളിലേക്ക് റവന്യൂ വകുപ്പ് കടന്നതെന്നാണ് വിവരം.
പ്രളയ ബാധിതർക്ക് രണ്ട് തവണയായി ആകെ 20,000 രൂപ ലഭിച്ചിരുന്നു. ഇതിൽ നിന്ന് 10,000 രൂപ തിരിച്ചടക്കണം എന്നാണ് നോട്ടീസ്. അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി പ്രകാരം തുക ഈടാക്കും. സാങ്കേതിക പിഴവ് മൂലമാണ് പണം കൂടുതൽ ലഭിച്ചത് എന്നാണ് വിശദീകരണം
Discussion about this post