ന്യൂയോർക്ക്: എട്ട് ദിവസത്തെ ദൗത്യത്തിനായി പോയ സുനിതാ വില്യംസും കൂട്ടാളിയും ബഹിരാകാശത്ത് കുടുങ്ങിയിരിക്കുകയാണ്. ഇവരുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള ആശങ്കകൾ ലോകം പങ്കുവയ്ക്കുന്നതിനിടെ ആണ് കഴിഞ്ഞ ദിവസം ക്രിസ്തുമസ് ആഘോഷത്തിന്റെ ചിത്രങ്ങൾ ഇവർ പങ്കുവച്ചത്. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ചില ചോദ്യങ്ങളും ആളുകൾ ഉയർത്തിയിരുന്നു. സുനിത വില്യംസിനെയും ബച്ച് വിൽമോറിനെയും ക്രിസ്തുമസ് ആഘോഷത്തിന്റെ വേഷത്തിൽ കണ്ടതായിരുന്നു ചോദ്യങ്ങൾക്ക് കാരണം ആയത്.
എട്ട് ദിവസത്തെ ദൗത്യത്തിന് പോകുമ്പോൾ ക്രിസ്തുമസ് ആഘോഷിക്കുന്നതിനുള്ള വസ്ത്രവും സാധനങ്ങളും കൊണ്ടാണോ പോയത് എന്നായിരുന്നു ഇവരുടെ ചോദ്യം. ഇതിന് പിന്നാലെ ചില വിവാദങ്ങളും ഉയർന്നിരുന്നു. ഇതിൽ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നാസ.
ക്രിസ്തുമസ് ആഘോഷിക്കുന്നതിനുള്ള സാധനങ്ങൾ നവംബറിൽ തന്നെ സുനിതയ്ക്കും വിൽമോറിനും നൽകിയിരുന്നു എന്നാണ് നാസ വ്യക്തമക്കുന്നത്. ഇവർക്ക് ആവശ്യമുള്ള സാധനങ്ങളുമായി ബഹിരാകാശ സഞ്ചാരികൾ പോയിരുന്നു. പച്ചക്കറി, ഇറച്ചി, മധുരപലഹാരങ്ങൾ, ബിസ്‌ക്കറ്റുകൾ എന്നിവയുമായ്‌ക്കൊപ്പം ക്രിസ്തുമസ് ആഘോഷിക്കുന്നതിനുള്ള വസ്ത്രങ്ങളും നൽകിയിരുന്നു. ചെറിയ ഒരു ക്രിസ്തുമസ് ട്രീയും ഇവർക്ക് നൽകി. ഇതെല്ലാം ഉപയോഗിച്ചാണ് ഇവർ ക്രിസ്തുമസ് ആഘോഷിച്ചത് എന്നും നാസ അറിയിച്ചു.
സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്നാണ് സുനിത വില്യംസും വിൽമോറും ബഹിരാകാശത്ത് കുടുങ്ങിയത്. അടുത്ത വർഷം മാർച്ചിൽ ആയിരിക്കും ഇവർ ഭൂമിയിലേക്ക് മടങ്ങുക എന്നാണ് റിപ്പോർട്ടുകൾ.
Discussion about this post