മുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ സ്‌പോർട്‌സ് കോംപ്ലക്‌സിൽ 21 കോടിയുടെ തട്ടിപ്പ് നടത്തി 23 കാരൻ. ഇവിടുത്തെ മാസശമ്പളക്കാരനായ ഹർഷൽ കുമാറാണ് തട്ടിപ്പ് നടത്തിയത്. 13,000 രൂപ മാസശമ്പളത്തിൽ ജോലിചെയ്യുന്നയാളാണ് ഹർഷൽ കുമാർ. കാമുകിയ്ക്ക് ആംഡബര കാറുകളും നാല് ബിഎച്ച്‌കെ ഫ്‌ളാറ്റും വാങ്ങുന്നതിനായാണ് ഇയാൾ ഇത്രവലിയ തട്ടിപ്പ് നടത്താൻ തുനിഞ്ഞ് ഇറങ്ങിയതും നടപ്പിലാക്കിയതും. തട്ടിപ്പിന് ഹർഷലിനെ സഹായിച്ച, സഹപ്രവർത്തകയായ യശോദ ഷെട്ടി, ഭർത്താവ് ബി കെ ജീവൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
തട്ടിപ്പിനായി ഇയാൾ ആദ്യം സ്‌പോർട്‌സ് കോംപ്ലക്‌സിന്റെ പഴയ ഒരു ലെറ്റർ ഹെഡ് ഉപയോഗിച്ച് ആദ്യം ബാങ്കിന് ഒരു ഇമെയിൽ അയച്ചു. സ്ഥാപത്തിന്റെ ഇ-മെയിൽ വിലാസത്തിൽ മാറ്റമുണ്ടെന്ന് പറഞ്ഞ് ഇയാൾ കൊടുത്തത് താൻ സ്വന്തമായുണ്ടാക്കിയ ഇ-മെയിൽ ഐ.ഡി. യഥാർത്ഥ അഡ്രസിൽ നിന്ന് ഒരു അക്ഷരത്തിന്റെ വ്യത്യാസം മാത്രമാണ് ഇതിനുണ്ടായിരുന്നത്.
പുതിയ ഇ-മെയിൽ വിലാസം ബാങ്ക് അക്കൗണ്ടുകളുമായി ലിങ്ക് ചെയ്യപ്പെട്ടു കഴിഞ്ഞതോടെ ഒടിപികൾ ഇതിൽ ലഭിക്കാൻ തുടങ്ങി. ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും പതിയെ ഇതുവഴി സാധ്യമാക്കി. തുടർന്ന് ഡിവിഷണൽ സ്‌പോർട്‌സ് കോംപ്ലക്‌സ് കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടിന് ഇന്റർനെറ്റ് ബാങ്കിങ് ആക്ടിവേറ്റ് ചെയ്തു.തുടർന്ന് അക്കൗണ്ടിൽ നിന്ന് മറ്റ് 13 ബാങ്കുകളിലേക്ക് പണം മാറ്റി.
തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് 4 ബിഎച്ച്‌കെ ഫ്‌ളാറ്റും, ഡയമണ്ട് ആഭരണവും ആണ് ഇയാൾ കാമുകിയ്ക്ക് നൽകിയത്. 1.20 കോടി രൂപ വില വരുന്ന ഒരു ബിഎംഡബ്ല്യൂ കാറും,1.30 കോടി വിലയുള്ള ഒരു എസ്.യുവിയും 32 ലക്ഷം രൂപയുടെ ബിഎംഡബ്ല്യൂ ബൈക്കും ഇയാൾ വാങ്ങി.
Discussion about this post