ന്യൂയോർക്ക്: ബഹിരാകാശത്തെ അവശിഷ്ടങ്ങൾ ഭൂമിയെ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്. അരിസോണ സർവ്വകലാശാലയിലെ പ്രൊഫസറായ വിഷ്ണു റെഡ്ഡിയാണ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. ഭൂമിയുടെ ഭ്രമണപഥത്തിൽ നിലനിൽക്കുന്ന ബഹിരാകാശ അവശിഷ്ടങ്ങളെക്കുറിച്ചാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
കഴഞ്ഞ നാല് വർഷമായി ബഹിരാകാശത്തേയ്ക്ക് അയക്കുന്ന പര്യവേഷണ വാഹനങ്ങളുടെയും ഉപഗ്രഹങ്ങളുടെയുമെല്ലാം എണ്ണം വർദ്ധിച്ചിട്ടുണ്ട്. തുടർച്ചയായി ബഹിരാകാശത്തേയ്ക്ക് നടത്തുന്ന വിക്ഷേപണങ്ങളിൽ ഭയപ്പെട്ടിരുന്നു. ഈ ഭയം ഇപ്പോൾ ഒരു യാഥാർത്ഥ്യം ആകുകയാണ്. ഇന്ന് ഭൂരിഭാഗം ടെലി കമ്മ്യൂണിക്കേഷൻ ഉപഗ്രഹങ്ങളും പ്രവർത്തിക്കുന്നത്, ഭൂമിയിൽ നിന്നും 35000 കിലോ മീറ്റർ അകലെയുള്ള ബഹിരാകാശ അവശിഷ്ടങ്ങൾക്കിടെയാണ്. ഇതാണ് വലിയ ഭീഷണി ഉയർത്തുന്നത്.
ഈ പ്രദേശത്ത് അവശിഷ്ടങ്ങൾ തിങ്ങിനിറഞ്ഞിരിക്കുന്നു. കെസ്‌ലർ സിൻഡ്രോം എന്ന ഈ അവസ്ഥയെ എങ്ങനെ പ്രതിരോധിക്കണം എന്നത് ശാസ്ത്രലോകത്തിന് ഇപ്പോഴും ഉത്തരംകിട്ടാത്ത ചോദ്യമാണ്. ഭ്രമണപഥത്തിൽ കൂടിയിടിയ്ക്ക് കാരണം ആകുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. ഉപഗ്രഹങ്ങൾക്കും ഭാവിയിലെ നമ്മുടെ ബഹിരാകാശ ദൗത്യങ്ങൾക്കും ഈ അവസ്ഥ പ്രതികൂലം ആകും.
1978 ൽ കെസ്ലർ സിൻഡ്രോമിനെക്കുറിച്ച് നാസയിലെ ബഹിരാകാശ ശാസ്ത്രജ്ഞനായ ഡൊണാൾഡ് ക്ലെസറാണ് പുറംലോകത്തെ അറിയിച്ചത്. ഭാവിയിൽ ബഹിരാകാശ അവശിഷ്ടങ്ങളുടെ അളവിൽ വലിയ വർദ്ധനവ് ഉണ്ടായേക്കാമെന്ന് അന്ന് തന്നെ അദ്ദേഹം പറഞ്ഞിരുന്നു. ഈ നില തുടർന്നാൽ ഭാവിയിൽ ബഹിരാകാശ ദൗത്യങ്ങളിൽ നിന്നും ലോകം പിന്മാറേണ്ടിവരും. ഇത് രാജ്യങ്ങളെ പലമേഖലകളിലും പിന്നോട്ട് അടിയ്ക്കുമെന്നും വിഷ്ണു റെഡ്ഡി വ്യക്തമാക്കി.
Discussion about this post