പുതുവത്സരം പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. പല രാജ്യങ്ങളിലും പല രീതിയിലാണ് പുതുവത്സരാഘോഷങ്ങൾ നടക്കുന്നത്. കേട്ടാൽ അതിശയിച്ചു മൂക്കത്ത് വിരൽ വയ്ക്കുന്ന ചില ആചാരങ്ങൾ അടക്കം വൈവിധ്യമാർന്ന ചില പുതുവത്സരാഘോഷങ്ങൾ ലോകത്തെ പല രാജ്യങ്ങളിലും കാണാൻ കഴിയും. അത്തരത്തിൽ പുതുവത്സരത്തെ വ്യത്യസ്തമായ രീതിയിൽ വരവേൽക്കുന്ന ചില രാജ്യങ്ങളെ പരിചയപ്പെടാം.
സ്പെയിൻ
അർദ്ധരാത്രി 12 മണിക്ക് 12 മുന്തിരികൾ കഴിച്ചാണ് സ്പെയിനിൽ ഉള്ളവർ പുതുവത്സരത്തെ വരവേൽക്കുന്നത്. അടുത്ത 12 മാസങ്ങൾ മധുരതരമായിരിക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു ആചാരം നടത്തുന്നത്. മാഡ്രിഡ് സിറ്റിയിലോ കാനറി ദ്വീപുകളിലോ ആണ് സ്‌പെയിൻ ജനത കൂടുതലായും പുതുവത്സര ആഘോഷങ്ങൾ നടത്തുന്നത്. 12 മാസങ്ങളുടെ പേരിൽ ഉള്ള മുന്തിരികൾ കഴിച്ച ശേഷം പാട്ടും നൃത്തവും എല്ലാം ആയി വലിയ ആഘോഷങ്ങളോടെ ആണ് ഇവർ പുതുവത്സരത്തെ വരവേൽക്കുന്നത്.
നെതർലൻഡ്‌സ്
അതിരാവിലെ കടലിൽ കുളിച്ചാണ് നെതർലൻഡ്‌സ് പുതുവർഷത്തെ വരവേൽക്കുന്നത്. ആംസ്റ്റർഡാം നഗരം ഏറ്റവും കൂടുതൽ ആഘോഷമാക്കുന്ന ഒരു ദിവസം കൂടിയാണ് പുതുവത്സരദിനം. ആളുകൾ കുളിക്കാനായി ഷെവെനിംഗൻ ബീച്ചിൽ ഒത്തുകൂടുന്നു. അങ്ങനെ ചെയ്യുന്നത് ഭാഗ്യം കൊണ്ടുവരുമെന്നാണ് ഇവിടുത്തെ ജനങ്ങൾ വിശ്വസിക്കുന്നത്.
ജപ്പാൻ–കൊറിയ
ജപ്പാനിലും കൊറിയയിലും പുതുവത്സരാഘോഷങ്ങൾ ഏതാണ്ട് ഒരേപോലെയാണ് നടക്കുന്നത്. പുതിയ വർഷത്തെ ഇവർ 108 തവണ മണിമുഴക്കിയാണ് വരവേൽക്കുന്നത്. ജപ്പാനിലും കൊറിയയിലും ഉള്ള ബുദ്ധക്ഷേത്രങ്ങളിൽ നിന്നുമാണ് ഇത്തരം ഒരു ആചാരം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഇങ്ങനെ 108 തവണ മണിമുഴക്കി പുതുവർഷത്തെ വരവേൽക്കുന്നത് ആ വർഷത്തിൽ ഭാഗ്യം കൊണ്ടുവരും എന്നാണ് ഈ രാജ്യങ്ങളിലെ ജനങ്ങൾ വിശ്വസിക്കുന്നത്.
കംബോഡിയ
കംബോഡിയയിൽ മൂന്ന് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ചടങ്ങുകളോടെ ആണ് പുതുവർഷത്തെ വരവേൽക്കുന്നത്. പുതിയ വർഷത്തിന്റെ ആദ്യ ദിനത്തിൽ ക്ഷേത്രങ്ങളിൽ ദീപം തെളിയിച്ച് ഇവർ ആഘോഷിക്കുന്നു. രണ്ടാം ദിവസം പിതൃക്കൾക്കുള്ള പ്രത്യേക പൂജകളാണ്. മൂന്നാം ദിവസം ക്ഷേത്രങ്ങളിൽ ബുദ്ധ ഭഗവാന്റെയും വീടുകളിൽ മുതിർന്ന ആളുകളുടെയും കാൽ കഴുകി പൂജ നടത്തിക്കൊണ്ട് ആണ് ഓരോ വർഷത്തെയും പുതുവത്സരാഘോഷങ്ങൾ സമാപിക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് വഴി ആ വർഷം മുഴുവനും നല്ലതായിരിക്കും എന്നാണ് ഇവിടുത്തെ ജനങ്ങളുടെ വിശ്വാസം.
Discussion about this post