എറണാകുളം: ഉമ തോമസ് എംഎൽഎയുടെ അപകടത്തിന് ഇടയാക്കിയ സ്റ്റേജ് നിർമ്മിച്ചതിൽ ഗുരുതര സുരക്ഷാ വീഴ്ചയെന്ന് കണ്ടെൽ. പോലീസും പൊതുമരാമത്ത് വകുപ്പും ഫയർഫോഴ്‌സും സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. സ്‌റ്റേജ് നിർമ്മിച്ചത് അപകടകരമായി തന്നെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഉമ തോമസിന് അപകടം ഉണ്ടായതിന് പിന്നാലെ കഴിഞ്ഞ ദിവസം ആണ് സംയുക്ത സംഘം പരിശോധന നടത്തിയത്. അപകടകരമായ രീതിയിൽ ആയിരുന്നു സ്റ്റേജിന്റെ നിർമ്മാണം. കാണികൾ ഇരിക്കുന്നതിന് മുകളിലായി പലക അടിച്ച് കൊണ്ടാണ് സ്റ്റേജ് നിർമ്മിച്ചിരുന്നത്. ഇതിന് അരികിലായി മറവ് ഉണ്ടായിരുന്നില്ല. അധികമായി നിർമിച്ച ഭാഗത്തിനു വേണ്ട ഉറപ്പ് ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വിഐപി സ്റ്റേജിന് അടുത്തായി ആംബുലൻസ് ഉണ്ടായിരുന്നില്ല. ഇതും ഗുരുതര പിഴവാണ്. ആംബുലൻസ് അടുത്തില്ലാതിരുന്നതിനാൽ പരിക്കേറ്റ ഉമ തോമസിന് അടിയന്തിര വൈദ്യസഹായം നൽകാൻ വൈകി. പരിശീലനം ഇല്ലാത്തവരാണ് ഉമയെ ആംബുലൻസിലേക്ക് മാറ്റിയത്. താത്കാലികമായി യാതൊരു സുരക്ഷയും പാലിക്കാതെയാണ് സ്റ്റേജ് ഉണ്ടാക്കിയതെന്നും പരിശോധനയിൽ അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. മണിക്കൂറുകൾ നീണ്ട അബോധാവസ്ഥയ്ക്ക് ശേഷം ഉമ തോമസ് കണ്ണു തുറന്നു. ശരീരം അനക്കിയെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെങ്കിലും വെന്റിലേറ്ററിൽ തന്നെയാണ് ചികിത്സയിൽ കഴിയുന്നത്.
Discussion about this post