ഇസ്രായേലും ഹമാസും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന് പിന്നാലെ പാലസ്തീൻ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ വിലക്ക് അനുകൂലമായത് ഇന്ത്യൻ തൊഴിലാളികൾക്ക്. പലസ്തീൻ തൊഴിലാളികൾക്ക് പകരം ഇന്ത്യൻ തൊഴിലാളികൾ ഇസ്രായേലിലേക്ക് എത്തി. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, പാലസ്തീൻ തൊഴിലാളികൾക്ക് പകരമായി ഒരു വർഷം കൊണ്ട് 16,000 ഇന്ത്യക്കാരാണ് ഇസ്രായേലിലെത്തിയത്.
അറബി സംസാരിക്കുന്ന തൊഴിലാളികൾ ആധിപത്യം പുലർത്തിയിരുന്ന നിർമ്മാണ സൈറ്റുകളിൽ, ഉയർന്ന വരുമാനത്തിൽ ആകൃഷ്ടരായി, ഇപ്പോൾ ഹിന്ദി, ഹീബ്രു, കൂടാതെ മന്ദാരിൻ സംസാരിക്കുന്ന വ്യക്തികളാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ, ഇസ്രായേലിലെ കെട്ടിട നിർമാണ വ്യവസായത്തിൽ വലിയ മാറ്റമാണ് വന്നിരിക്കുന്നത്. 2023 ഒക്‌ടോബർ ഏഴിന് ഹമാസ് ഇസ്രായേൽ ആക്രമിച്ചതിന് പിന്നാലെ, പതിനായിരക്കണക്കിന് പാലസ്തീൻ തൊഴിലാളികൾക്ക് ഇസ്രായേൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. തൊഴിലാളികളുടെ അഭാവം മൂലം ഉണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇന്ത്യയിൽ നിന്നുൾപ്പെടെ ഇസ്രായേൽ റിക്രൂട്ട്‌മെന്റ് ആരംഭിച്ചത്.
ഇന്ത്യയിൽ കിട്ടുന്നതിനേക്കാൾ മൂന്ന് മടങ്ങ് എങ്കിലും വരുമാനം ലഭിക്കുമെന്നതാണ് യുദ്ധത്തിനിടെ പോലും തൊഴിലാളികൾ ഇവിടേയ്ക്ക് ആകൃഷ്ടരാവാൻ കാരണം. പതിറ്റാണ്ടുകളായി നിരവധി ഇന്ത്യക്കാർ ഇസ്രായേലിൽ ജോലി ചെയ്യുന്നുണ്ട്. കൂടുതൽ നിർമാണ തൊഴിലാളികളെ ആവശ്യമുള്ളതു കൊണ്ട് തന്നെ ഇനിയും ഇന്ത്യക്കാർക്ക് ഇസ്രായേലിൽ തൊഴിൽ സാധ്യത നിലനിൽക്കുന്നുണ്ട്.
Discussion about this post