കോഴിക്കോട്; 2025 പിറക്കാനുള്ള കാത്തിരിപ്പിലാണ് ലോകം. പുതുവർഷത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളും കൃതിയായി പുരോഗമിക്കുന്നു. പുതുവർഷാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് സിറ്റി പോലീസ് പരിധിയിൽ വിവിധ ആഘോഷങ്ങളും പരിപാടികളും നടക്കുന്ന സാഹചര്യത്തിൽ അനിഷ്ട സംഭവങ്ങൾ ഇല്ലാതെ പുതുവത്സരത്തെ വരവേൽക്കാൻ സിറ്റി പോലീസിന്റെ നേതൃത്വത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ തീരുമാനിച്ചു.
ഇതിനായി കമ്മീഷണർ ടി നാരായണന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ലോ ആൻറ് ഓർഡർ), അഡീഷണൽ ഡിസിപി (അഡ്മിനിസ്‌ട്രേഷൻ), ഏഴോളം എസിപിമാർ, കൂടാതെ ഇൻസ്‌പെക്ടർമാർ, സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെ എഴുനൂറ്റിയമ്പതോളം പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചു.സ്ത്രീകളുടെയും കുട്ടികളുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് മഫ്തി പോലീസിനെയും വനിതാ പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിക്കും.
പുതുവത്സരാഘോഷങ്ങളുടെ മറവിൽ യാതൊരുവിധ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും നടത്താൻ പാടുള്ളതല്ല. ആഘോഷങ്ങൾ മതിയായ വെളിച്ചത്തോടുകൂടി മാത്രമേ നടത്തുവാൻ പാടുള്ളു. ഇത് പരിപാടി നടത്തുന്ന സംഘാടകർ ഉറപ്പുവരുത്തേണ്ടതാണ്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കാർ/ബൈക്ക് റേസിങ് നടത്തുന്നതും പൊതുസ്ഥലങ്ങളിൽവെച്ച് പരസ്യമായി മദ്യപിക്കുന്നതും മദ്യപിച്ച് വാഹനം ഓടിക്കുന്നതും തടയുന്നതിനായി പോലീസിന്റെ ശക്തമായ നടപടികൾ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
വൈകിട്ട് അഞ്ചു മണിമുതൽ ഗാന്ധി റോഡ് മുതൽ വലിയങ്ങാടി ജങ്ഷൻ വരെയുള്ള ഭാഗങ്ങളിൽ വാഹനഗതാഗതം അനുവദിക്കുന്നതല്ല. വൈകിട്ട് അഞ്ചു മണിക്ക് ശേഷം ബീച്ചിലേക്ക് വരുന്നവർ വാഹനങ്ങൾ പുറത്തുള്ള പാർക്കിങ് ഏരിയകളിൽ പാർക്ക് ചെയ്ത ശേഷം ബീച്ചിലേയ്ക്ക് വരണം.ബീച്ചിലേക്ക് വന്നയാളുകൾ ജനുവരി ഒന്നിന് പുലർച്ചെ ഒരു മണിക്കുള്ളിൽ ബീച്ചിൽനിന്നു മടങ്ങണം. ഉച്ചഭാഷിണി ഉപയോഗിച്ച് ചട്ടലംഘനം നടത്തിയാൽ കർശന നടപടി സ്വീകരിക്കും. പുതുവത്സര ആഘോഷം നടത്താൻ തീരുമാനിച്ചിട്ടുള്ള എല്ലാ സംഘടനകളും/സംഘാടകരും അതാതു പോലീസ് സ്റ്റേഷനിൽ നിന്നും മുൻകൂർ അനുമതി വാങ്ങണം.പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി അടുത്തുള്ള പോലീസ് സ്റ്റേഷനിലോ കേരളാ പോലീസിന്റെ ടോൾ-ഫ്രീ നമ്പറായ (112), (1515) ലേക്കോ വിളിക്കാം.
Discussion about this post