ആലപ്പുഴ: കേരളത്തിൽ ബാലഗോകുലം 5000 ലഹരിമുക്ത ഗ്രാമങ്ങൾ സൃഷ്ടിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ ആർ പ്രസന്നകുമാർ. എല്ലാ തരത്തിലുമുള്ള ലഹരികളെയും അകറ്റി നിർത്തുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് കുട്ടികൾ നേതൃത്വം നൽകുന്ന സംവിധാനം നിലവിൽവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാലഗോകുലം ദക്ഷിണകേരളം സംസ്ഥാന സമിതിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളെ സാംസ്‌കാരിക മൂല്യങ്ങൾ പഠിപ്പിക്കുന്നതിനൊപ്പം തന്നെ ലഹരിവിരുദ്ധ നിലപാടിന് പ്രാപ്തരാക്കുക കൂടിയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനോടൊപ്പം ലഹരിവിരുദ്ധ പോരാട്ടങ്ങൾക്ക് കുട്ടികളെ എല്ലാ രീതിയിലും ശക്തരാക്കാനുള്ള ഇടപെടലും നടത്തും. മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരികൾ യുവത്വത്തെയും സാംസ്‌കാരിക രംഗത്തെയും നശിപ്പിക്കുന്ന തരത്തിൽ വളർന്നുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെയുള്ള പോരാട്ടം സാംസ്‌കാരിക പോരാട്ടം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വ്യാപകമായി സുവർണജയന്തി ഗ്രാമോത്സവങ്ങൾ നടത്താനും യോഗത്തിൽ തീരുമാനമായി. വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കുമായി പ്രത്യേക ശിൽപ്പ ശാലകളും ബാലസാഹത്യകാരന്മാർക്കായി സാഹിത്യശാലയും സംഘടിപ്പിക്കും. ജനുവരി 25, 26 തീയതികളിലായി കലാമണ്ഡലത്തിലായിരിക്കും സാഹിത്യശാല നടക്കുക.
ദക്ഷിണകേരളം അദ്ധ്യക്ഷൻ ഡോ എൻ ഉണ്ണികൃഷ്ണൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പൊതുകാര്യദർശി കെഎൻ സജികുമാർ, ട്രഷറർ പി അനിൽകുമാർ, ദക്ഷിണകേരളം ഉപാദ്ധ്യക്ഷൻ ജി സന്തോഷ് കുമാർ, പൊതുകാര്യദർശി ബിഎസ് ബിജു, സംഘടനാ കാര്യദർശി എ രഞ്ചുകുമാർ, സെക്രട്ടറി ആർപി രാമനാഥൻ, ട്രഷറർ സിവി ശശികുമാർ, കാര്യദർശി കെ ബൈജുലാൽ എന്നിവർ യോഗത്തിൽ സംസാരിച്ചു.
Discussion about this post