എറണാകുളം: കലൂർ സ്‌റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ നിന്നും ഉമ തോമസ് എംഎൽഎ താഴെ വീണ സംഭവത്തിൽ കർശന നടപടിയുമായി പോലീസ്. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി. സംഘാടനത്തിലും സ്റ്റേജ് നിർമ്മാണത്തിലും ഗുരുതര പിഴവ് സംഭവിച്ചതായി വ്യക്തമായതിന് പിന്നാലെയാണ് പോലീസ് നടപടി.
സ്റ്റേജ് നിർമ്മിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ വിഷൻ സിഇഒ ഷെമീർ അബ്ദുൾ റഹീം, ഓസ്‌കർ ഇവന്റ് മാനേജർ കൃഷ്ണകുമാർ എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയത്. ഇവർ മൂന്ന് പേരും അറസ്റ്റിലാണ്.
ഗ്യാലറിയിൽ പലകകൊണ്ട് സ്ഥാപിച്ച സ്റ്റേജിൽ ആയിരുന്നു ഉമ തോമസ് ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾക്ക് ഇരിപ്പിടം ഒരുക്കിയത്. ഇതിന് ചുറ്റുമായി ബാരിക്കേഡ് സ്ഥാപിച്ചിരുന്നില്ല. മാത്രമല്ല സ്‌റ്റേജിന് ഉറപ്പും ഉണ്ടായിരുന്നില്ല. മുൻഭാഗം കേവലം റിബ്ബൺ കെട്ടി മറയ്ക്കുകയാണ് ചെയ്തിരുന്നത്. വിഐപി സ്റ്റേജിന് സമീപം ആംബുലൻസും ഉണ്ടായിരുന്നില്ല.
1600 രൂപ സാരിയ്ക്കും, 3500 രൂപ രജിസ്‌ട്രേഷൻ ഫീസായും ഈടാക്കി കൊണ്ടായിരുന്നു നൃത്തം ചെയ്യാൻ എത്തിയവർക്ക് സംഘാടകർ അവസരം നൽകിയത്. 390 രൂപയ്ക്ക് കല്യാൺ സിൽക്‌സ് നൽകിയ സാരിയാണ് 1600 രൂപയ്ക്ക് സംഘാടകർ നൽകിയത്.
Discussion about this post