ഇന്നത്തെ കാലത്ത് പ്രായഭേതമന്യേ മിക്കവെരയും അലട്ടുന്ന ജീവിതശൈലീ രോഗമാണ് കൊളസ്‌ട്രോൾ. ഇക്കാലത്തെ ഭക്ഷണരീതിയാണ് ഇതിന് പ്രധാനകാരണം. ജീവന് പോലും ഭീഷണിയായേക്കാവുന്ന കൊളസ്‌ട്രോൾ കുറയ്ക്കാൻ മരുന്നിനെ ആശ്രയിക്കുമെങ്കിലും അപ്പോഴും പലരും ഭക്ഷണനിയന്ത്രണം നടത്താൻ തയ്യാറാവാറില്ല..
അമിതമായ എണ്ണയുടെ ഉപയോഗമാണ് കെളസ്‌ട്രോൾ ഇത്രമേൽ ഭീഷണിയാവാനുള്ള കാരണം. എന്നാൽ, എണ്ണയില്ലാതെ തന്നെ സ്വാദിഷ്ടമായ ഭക്ഷണം പാകം ചെയ്യാൻ ഇന്നത്തെ കാലത്ത് കഴിയും. ഇതിനുള്ള പലതരത്തിലുള്ള ഉപകരണങ്ങളും പാചക രീതികളും ഇന്ന് ലഭ്യമാണ്. നോ ഓയിൽ കുക്കിംഗ് ഇന്നത്തെ കാലത്ത് ട്രെൻഡിംഗ് ആണ്.
എന്തൊക്കെയാണ് ഈ പാചകരീതികൾ എന്ന് നോക്കാം…
എണ്ണയില്ലാതെ ഭക്ഷണം പാചകം ചെയ്യാനുള്ള പ്രധാന മാർഗമാണ് ആവിയിൽ വേവിക്കുന്നത്. മലയാളികളുടെ പ്രധാനപ്പെട്ട പ്രഭാത ഭക്ഷണങ്ങളെല്ലാം ആവിയിൽ വേവിച്ചതാണ്. ഇഡലി, ഇടിയപ്പം, പുട്ട് എന്നിങ്ങനെയുള്ളവതെല്ലാം ആവിയിൽ വേവിച്ചവയാണ്. പച്ചക്കറികളും ആവിയിൽ വേവിച്ചെടുക്കാം. ഇങ്ങനെ പാചകം ചെയ്യുന്നത് മൂലം കുറഞ്ഞ സമയം കൊണ്ട് നിറവും മണവും രുചിയും ഒന്നും പോവാതെ ഭക്ഷണം വേവിച്ചെടുക്കാം.
മറ്റൊരു മാർഗം പ്രഷർ കുക്കർ കൊണ്ട് അധിക സമ്മർദത്തിലുള്ള ആവി കൊണ്ടുള്ള പാചകമാണ്. ഇത് സുരക്ഷിതവും ശുചിത്വമുള്ളതുമായ പാചകരീതിയാണ്. ഈ പാചകരീതിക്കും സമയം കുറച്ച് മതി. മാത്രമല്ല, എണ്ണയും ഈ പാചക രീതിയ്ക്ക് ആവശ്യമില്ല.
വെള്ളത്തിലിട്ടോ പാലിലോ വേവിക്കുന്ന രീതിയ്ക്കും എണ്ണ ഉപയോഗിക്കേണ്ടതില്ല. ഇവ എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണമാണ്. അരി, മുട്ട, പരിപ്പ്, മാംസം, കിഴങ്ങ് വർഗങ്ങൾ എന്നിവയെല്ലം ഇങ്ങനെ വേവിച്ച് കഴിക്കാവുന്നതാണ്.
ഇതിനൊപ്പം ഇന്നത്തെ കാലത്ത് മിക്ക വീടുകളിലും ഉള്ള ഉപകരണങ്ങളാണ് എയർ ഫ്രൈയറും മൈക്രോ വേവ് ഓവനുമെല്ലാം. ഇവയിലൂടെയുള്ള പാചകരീതിയിലും എണ്ണ ആവശ്യമില്ല. നോൺ സ്റ്റിക് പാത്രങ്ങളുപയോഗിച്ചുള്ള പാചകത്തിലും എണ്ണ ഉപയോഗിക്കേണ്ടതില്ല. ഗ്രില്ലിംഗ് ചെയ്യുമ്പോഴും എണ്ണ ഉപയോഗം കുറയ്ക്കാൻ കഴിയും. നേരിട്ട് തീയിൽ പൊരിച്ചെടുക്കുന്ന രീതിയാണ് ഇത്. പപ്പടം, ഫുൽക്ക, ചിക്കൻ എന്നിവയെല്ലാം ഇത്തരത്തിൽ എണ്ണ ഉപയോഗിക്കാതെ പൊരിച്ചെടുക്കാം.
മറ്റൊന്നാണ് ടോസ്റ്റിംഗ്. ചൂടാക്കിയ രണ്ട് പ്രതലങ്ങൾക്കിടയിൽ വച്ച് ഭക്ഷണം മൊരിയിച്ചെടുക്കുന്ന രീതിയാണ് ടോസ്റ്റിംഗ്. ബ്രെഡ്, സാൻവിച്ച് എന്നിവ ഇത്തരത്തിൽ ടോസ്റ്റ് ചെയ്‌തെടുക്കാം. ഇന്നത്തെ കാലത്ത് മിക്ക വീടുകളിലും ഉള്ള ഒന്നാണ് മൈക്രോ വേവ് ഓവൻ. ബേക്കിംഗ് രീതിയാണ് ഇതിൽ പ്രധാനമായും ചെയ്യുന്നത്. ഇതിന് എണ്ണയും നെയ്യും ഒന്നും ആവശ്യമില്ല. ഇറച്ചി, മത്സ്യം, പച്ചക്കറികൾ, അരിയാഹാരങ്ങൾ എന്നിവയെല്ലാം ഇതിൽ പാചകം ചെയ്‌തെടുക്കാം.
ഇന്നത്തെ കാലത്തെ മറ്റൊരു ട്രെൻഡ് ആണ് എയർ ഫ്രൈയർ. ഒട്ടും എണ്ണ ആവശ്യമില്ലാത്ത പാചകരീതിയാണിത്. ഭക്ഷണത്തിലടങ്ങിയ കലോറി 70 മുതൽ 80 ശതമാനം വരെ വെട്ടിക്കുറയ്ക്കാൻ ഈ പാചക രീതിക്ക് കഴിയും. മാംസത്തിലുള്ള സ്വാഭാവികമായ കൊഴുപ്പിനെ അതിൽ നിന്നും മാറ്റിക്കളയാനുള്ള സാങ്കേതികത ഇതിനുണ്ട്.
Discussion about this post