ബത്തേരി; വയനാട് പുനരധിവാസത്തിന്റെ നിർമ്മാണചുമതല ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക്. 750 കോടി രൂപ മുടക്കിയാണ് നിർമ്മാണം. കിഫ്കോണിന് ആണ് നിർമാണ മേൽനോട്ടം. മുണ്ടൈക്കെ-ചൂരൽമല ഉരുൾപൊട്ടലിനെ അതിജീവിച്ചവർക്കായി സംസ്ഥാന സർക്കാർ രണ്ട് മോഡൽ ടൗൺഷിപ്പുകളാണ് നിർമ്മിക്കുക.
എൽസ്റ്റോൺ എസ്റ്റേറ്റിലും നെടുമ്പാല എസ്റ്റേറ്റിലുമാണ് രണ്ട് മോഡൽ ടൗൺഷിപ്പുകൾ നിർമിക്കുന്നതെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അറിയിച്ചു.എൽസ്റ്റോൺ എസ്റ്റേറ്റിൽ 58.5 ഹെക്ടറും നെടുമ്പാലയിൽ 48.96 ഹെക്ടറും ഏറ്റെടുക്കും. ഡ്രോൺ സർവേയിലൂടെയാണ് സ്ഥലം കണ്ടെത്തിയത്. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് പുനരധിവാസ പദ്ധതികൾക്ക് അംഗീകാരം നൽകിയത്.
കൽപ്പറ്റയിൽ ടൗണിനോടു ചേർന്നു കിടക്കുന്ന ടൗൺഷിപ്പിൽ അഞ്ച് സെന്റിൽ 1000 സ്‌ക്വയർ ഫീറ്റ് വീടുകളാണ് നിർമിക്കുന്നത്. റോഡ്, പാർക്ക് തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. ഭൂകമ്പത്തെ പ്രതിരോധിക്കുന്ന തരത്തിലുള്ള നിർമാണമാകും നടത്തുക.ദേശീയപാതയ്ക്കു സമീപത്തായതിനാൽ വാണിജ്യനിർമാണങ്ങളും ഉണ്ടാകും. നെടുമ്പാലയിൽ കുന്നിൻപ്രദേശത്തിന് അനുകൂലമായ രീതിയിലുള്ള നിർമാണമാകും നടത്തുക. ഇവിടെ പത്തു സെന്റിൽ 1000 ചതുരശ്രഅടി വീടുകൾ ആണ് നിർമിക്കുക. രണ്ടുനില കെട്ടുന്നതിനുള്ള അടിത്തറയാവും നിർമിക്കുക എന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.ടൗൺഷിപ്പുകളിൽ വീടുകൾക്ക് പുറമെ മാർക്കറ്റ്, ആരോഗ്യകേന്ദ്രം, വിദ്യാലയം, അങ്കണണവാടി,കുടിവെള്ളം,വൈദ്യുതി തുടങ്ങി എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തും.
Discussion about this post