എറണാകുളം: തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് അനുമതി നൽകി ഹൈക്കോടതി. കേന്ദ്രവിജ്ഞാപനം ചൂണ്ടിക്കാട്ടി എഡിഎം വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ തിരുവമ്പാടി ദേവസ്വവും പാറമേക്കാവ് ദേവസ്വവും നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്.
വെടിക്കെട്ട് നടക്കുമ്പോൾ വെടിക്കെട്ട് പുരയിൽ സ്‌ഫോടക വസ്തുക്കൾ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കേന്ദ്ര വിജ്ഞാപന പ്രകാരം ഫയർവർക്ക് കൺട്രോളർ അസിസ്റ്റന്റ് കൺട്രോളർ എന്നീ തസ്തികകൾ രൂപീകരിക്കാനും പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷന് (പെസോ) കോടതി നിർദേശം നൽകി. വെടിക്കെട്ട് നടക്കുമ്പോൾ വെടിക്കെട്ട് പുരയിൽ നിന്നും 200 മീറ്റർ അകലം വേണം. അതേസമയം, വെടിക്കെട്ട് പുരയിൽ ഒരു തരത്തിലുമുള്ള സ്‌ഫോടക വസ്തുക്കളും സൂക്ഷിക്കുന്നില്ലെന്ന് ദേവസ്വങ്ങൾ കോടതിയിൽ വാദിച്ചു. അതുകൊണ്ട് തന്നെ 200 മീറ്റർ ദൂരപരിധി എന്നത് ഇവിടെ ബാധകമാകുന്നില്ലെന്നും ദേവസ്വങ്ങൾ വാദിച്ചു. ഈ വാദം കോടതി അംഗീകരിച്ചു.
മൂന്ന്, അഞ്ച് തീയതികളിലാണ് തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും വേല. ഇതിനോടനുബന്ധിച്ചാണ് വെടിക്കെട്ട്. പെസോ നടത്തുന്ന പരീക്ഷയൽ പങ്കെടുക്കുന്ന ദേവസ്വം പ്രതിനിധികൾ പരീക്ഷ പാസായി സമയബന്ധിതമായി അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് വേലയ്ക്ക് അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ.
Discussion about this post