എറണാകുളം: കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ വച്ച് ഉമ തോമസ് എംഎൽഎയ്ക്ക് അപകടം സംഭവിച്ചത് സുരക്ഷാ വീഴ്ച്ച മൂലമെന്ന് മന്ത്രി സജി ചെറിയാൻ. വേദിയുടെ മുൻനിരയിൽ കസേരയിട്ടത് അപകടമായി. വേദിയിൽ നിന്നും താനും കാൽ വഴുതി താഴെ വീഴേണ്ടതായിരുന്നു. സംഭവത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. വേദിയിൽ നിന്നും ഉമ തോമസ് വീഴുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
വീഡിയോ പുറത്ത് വന്നതോടെ, പരിപാടിയിലെ സുരക്ഷാ വീഴ്ച്ച സംബന്ധിച്ച് വിമർശനം ശക്തമായിട്ടുണ്ട്. വേദിയിൽ നിൽക്കാൻ പോലും സ്ഥലമുണ്ടായിരുന്നില്ലെന്ന് വീഡിയോയിൽ നിന്നും വ്യക്തമാണ്. പിൻ നിരയിൽ നിന്നിരുന്ന ഉമ തോമസ് മൂൻ നിരയിലേക്ക് വരുന്നതും അവിടെ കസേരയിൽ ഇരിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ, അവിടെ നിന്നും വീണ്ടും ഉമ തോമസ് എഴുന്നേൽക്കുകയായിരുന്നു. പിന്നീട് വേദിയിൽ നിന്നിരുന്ന ഒരാളെ മറി കടന്ന് സമീപത്ത് ഇരുന്നിരുന്ന മന്ത്രി സജി ചെറിയാനോട് സംസാരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് എംഎൽഎ കാൽവഴുതി റിബൺ കെട്ടിയ സ്റ്റാന്റിനൊപ്പം താഴേക്ക് വീഴുന്നത്.
അതേസമയം, മൃദംഗ വിഷന്റെ സാമ്പത്തിക സ്രോതസുകളിൽ അന്വേഷണം നടക്കുകയാണ്. ബാങ്ക് അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചു. ആദായനികുതി വകുപ്പും പ്രാഥമിക അന്വേഷണം ആരംഭിച്ചു.കേസിലെ പ്രതികൾ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാവും. മൃദംഗ വിഷൻ വിഷൻ എംഡി നിഗോഷ്‌കുമാർ, സിഇഒ ഷെമീർ അബ്ദുൽ റഹിം,
എന്നിവരാണ് ഹാജരാവുക.
Discussion about this post