ബെംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ ബസ് ടിക്കറ്റ് നിരക്ക് വര്‍ധന ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട് . സാമ്പത്തിക ഞെരുക്കം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം ആദ്യത്തോടെ ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്താന്‍ ആലോചന നടത്തുന്നത്. 2012 മുതല്‍ വിദ്യാര്‍ഥികളുടെ ബസ് പാസ് നിരക്കുകള്‍ പരിഷ്‌കരിച്ചിട്ടില്ല എന്നതാണ് പ്രധാന കാരണമായി കോര്‍പറേഷനുകള്‍ ചൂണ്ടിക്കാട്ടുന്നത്്. ഇതിന് പുറമേ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നല്‍കിക്കൊണ്ടുള്ള തീരുമാനവും സാമ്പത്തിക വരുമാനം കുറയാന്‍ പ്രധാന കാരണമായെന്ന് ആരോപിക്കപ്പെടുന്നുണ്ട്.
ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (ബിഎംടിസി) അവസാനമായി നിരക്ക് വര്‍ധിപ്പിച്ചത് 2014ലായിരുന്നു. മൂന്ന് മാസത്തിനിടെ കെഎസ്ആര്‍ടിസിക്ക് മാത്രം 295 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് കണക്ക്. കുതിച്ചുയരുന്ന ഇന്ധനച്ചെലവ്, ഓട്ടോമൊബൈല്‍ പാര്‍ട്സുകളുടെ ഉയര്‍ന്ന വില, സൗജന്യ ബസ് പാസ് (സ്ത്രീകള്‍ക്ക്) എന്നിവയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നത്.
ബിഎംടിസിക്ക് പ്രതിദിനം 40 കോടി രൂപയാണ് ചെലവെന്നും എന്നാല്‍ വരുമാനം 34 കോടി രൂപ മാത്രമാണെന്നും ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി വ്യക്തമാക്കിയിരുന്നു. പതിനഞ്ച് ശതമാനം വര്‍ധനയാണ് കോര്‍പറേഷനുകളുടെ ആവശ്യം. ജനുവരി 15ന് ശേഷം മുഖ്യമന്ത്രിയുമായി വിഷയത്തില്‍ ചര്‍ച്ച നടത്തും.
Discussion about this post