പ്രയാഗ്‌രാജ്: മഹാകുംഭമേളയ്ക്കായി പ്രയാഗ്‌രാജ് ഒരുങ്ങിക്കഴിഞ്ഞു. വിപുലമായ ഒരുക്കങ്ങളാണ് നഗരത്തിലുടനീളം നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ശിവഡമരുവാണ് മഹാകുംഭമേളയുടെ പ്രവേശന കവാടത്തിൽ ഒരുങ്ങുന്നത്.
മഹാകുംഭ് ഏരിയയിൽ നിന്നും അൽപ്പം മാറി ഒരുക്കിയിരിക്കുന്ന ഈ ഡമരു കാഴ്ച്ചക്കാർക്ക് വലിയ ദൃശ്യവിരുന്നായി മാറിയിരിക്കുകയാണ്. കാശിയിൽ നിന്നും മഹാകുംഭമേള പ്രദേശത്തേക്ക് പ്രവേശിക്കുന്ന വഴിയിൽ ജുൻസി പ്രദേശത്ത് റോഡിന്റെ മദ്ധ്യഭാഗത്തായാണ് ഡമരു സ്ഥാപിച്ചിരിക്കുന്നത്.13 അടി വീതിയും എട്ട് അടിയോളം ഉയരവുമുള്ളതാണ് ഈ ഡമരു.
വെങ്കലവും മറ്റ് ലോഹങ്ങളും കൊണ്ട് നിർമിച്ച ഒരു വലിയ തട്ടിലാണ് ഇത് സ്ഥാപിച്ചിത്. പ്ലാറ്റ്‌ഫോം കൂടി ചേർത്ത് കഴിഞ്ഞാൽ ഈ ഡമരുവിന്റെ ഉയരം 20 അടിയാവും. ഡമരുവിലെ ഓരോ കയറും വ്യക്തമായി കാണാനാവുന്ന വിധത്തിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഡമരുവിനേക്കാൾ ഉയരത്തിൽ കാണാനാവുന്ന തരത്തിൽ ശിവന്റെ ആയുധമായ ത്രിശൂലവും സ്ഥാപിച്ചിട്ടുണ്ട്.
സുനിൽ പാലും സംഘവുമാണ് മഹാകുംഭമേള പ്രവേശന കവാടത്തിലെ ഭീമൻ ശിവഡമരുവിന്റെ ശിൽപ്പി. 100 ദിവസത്തെ കഠിന പ്രയത്‌നത്തിലൂടെയാണ് ഡമരു ഒരുക്കിയിരിക്കുന്നത്. ഗാസിയാബാദിലെ ഒരു കമ്പനിയാണ് ഇത് നിർമിച്ചിരിക്കുന്നത്. ഇരുപതോളം വരുന്ന കരകൗശല വിദഗ്ദർ ചേർന്നാണ് ഡമരു തയ്യാറാക്കിയിരിക്കുന്നത്. ഡമരു സ്ഥാപിക്കുന്ന സ്ഥലം പാർക്കായി മാറുമെന്നും അധികൃതർ അറിയിച്ചിരുന്നു.
തീർത്ഥാടകരെ സ്വീകരിക്കുന്നതിനായി നഗരം മുഴുവൻ അലങ്കരിച്ചിട്ടുണ്ട്. കുംഭമേളാ കാലയളവിൽ പൂർണമായും തങ്ങുന്നവർക്കും (കല്പവാസികൾ) അഖാഡകൾക്കുമായി വിപുലമായ ഒരുക്കങ്ങൾ സജീകരിച്ചിട്ടുണ്ട്.
Discussion about this post