ധാക്ക; രാഷ്ട്രപിതാവ് മുജീബുർ റഹ്‌മാനെ ചരിത്രപാഠപുസ്തകത്തിൽ നിന്നും ഒഴിവാക്കി ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ രാജ്യത്തെ പാഠപുസ്തകങ്ങളിൽ 1971 ൽ സിയാവുർ റഹ്‌മാനാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രൈമറി,സെക്കൻഡറി പാഠപുസ്തകങ്ങളിലാണ് മാറ്റം. രാഷ്ട്രപിതാവ് എന്ന വിശേഷണവും പുസ്തകങ്ങളിൽ നിന്ന് നീക്കിയിട്ടുണ്ട്.
അതിശയോക്തി നിറഞ്ഞ,അടിച്ചേൽപ്പിക്കപ്പെട്ട ചരിത്രത്തിൽ നിന്ന് പാഠപുസ്തകങ്ങളെ സ്വതന്ത്രമാക്കാനാണ് ശ്രമിച്ചതെന്ന് പാഠപുസ്തക പരിഷ്‌കരണത്തിൽ സഹകരിച്ച ഗവേഷകൻ റാഖൽ റാഹ വ്യക്തമാക്കി. പാകിസ്താൻ പട്ടാളം അറസ്റ്റു ചെയ്ത ഷെയ്ഖ് മുജീബുർ റഹ്‌മാൻ കമ്പിയില്ലാക്കമ്പനി വഴി സ്വാതന്ത്ര്്യപ്രഖ്യാപന സന്ദേശമയച്ചു എന്നത് വസ്തുതാധിഷ്ഠിത വിവരമല്ലെന്ന് കണ്ടെത്തിയതിനാലാണ് നീക്കിയതെന്ന് അദ്ദേഹം ന്യായീകരിച്ചു. മാർച്ച് 26 ന് സിയാവുർ റഹ്‌മാനാണ് ആദ്യം സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതെന്നും മാർച്ച് 27 ന് മുജീബുർ റഹ്‌മാന് വേണ്ടി സിയാവുർ റഹ്‌മാൻ മറ്റൊരു സ്വാതന്ത്ര്യ പ്രഖ്യാപനം കൂടി നടത്തിയെന്നും പാഠപുസ്തകങ്ങളിൽ പറയുന്നു.
വിദ്യാർത്ഥി പ്രക്ഷോഭത്തിലാരംഭിച്ച പ്രതിഷേധത്തെ തുടർന്ന് 2024 ഓഗസ്റ്റിൽ ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടി വന്ന പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവാണ് മുജീബുർ റഹ്‌മാൻ. ഇതിന് മുൻപ് ഇദ്ദേഹത്തിന്റെ ചിത്രം നോട്ടുകളിൽ നിന്ന് നീക്കാൻ ഇടക്കാല സർ്ക്കാർ തീരുമാനിച്ചിരുന്നു.
Discussion about this post