തിരുവനന്തപുരം: ഗോവ സർക്കാരിന്റെ ഗ്രേറ്റ് ഗോവ ഗെയിംസ് ഓൺലൈൻ ലോട്ടറിക്കെതിരെ രംഗത്തെത്തി സംസ്ഥാന സർക്കാർ. ലോട്ടറി നടത്തിപ്പിനെതിരെ സംസ്ഥാന നികുതി വകുപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. ലോട്ടറി തടയണം എന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സെക്രട്ടറിതലത്തിൽ ഗോവ സർക്കാരിനും കേന്ദ്രത്തിനും വീണ്ടും കത്തുനൽകുമെന്നാണ് വിവരം. കേരള ഭാഗ്യക്കുറിയുടെ വിൽപ്പന ഇതരസംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിയമവിധേയമാകുമെന്ന വാർത്തകൾ വരുന്നതിനിടെയാണ് ഗോവ ലോട്ടറി സംസ്ഥാനത്ത് അനുവദിക്കില്ലെന്ന നിലപാട് കേരളമെടുക്കുന്നത്.
സംസ്ഥാനങ്ങളെയും വിതരണ ഏജന്റിനെയും സർക്കാർ തീരുമാനിക്കുമെന്നാണ് വിവരം 2005-ലെ കേരള പേപ്പർ ലോട്ടറിച്ചട്ടത്തിൽ ഭേദഗതി വരുത്തി സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കി.
ലോട്ടറി വിൽപ്പനയ്ക്ക് അനുമതിയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും വിൽക്കാനാണ് അനുമതി. അല്ലാത്തിടങ്ങളിൽ വിൽക്കുന്നില്ലെന്ന് ഏജന്റ് ഉറപ്പാക്കണം. ഏജന്റുമാർക്ക് ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തിൽ ടിക്കറ്റ് കടം നൽകുന്ന വ്യവസ്ഥയും ഭേദഗതിയിൽ ഉൾപ്പെടുത്തി. ലോട്ടറി ഓഫീസുകളിൽനിന്ന് പരമാവധി അരലക്ഷംമുതൽ 50 ലക്ഷംവരെ രൂപയുടെ ടിക്കറ്റുകൾ കടമായി വാങ്ങാം. 90 ശതമാനംവരെയാണു കടം കിട്ടുക. നിശ്ചിത ദിവസത്തിനുമുൻപ് മുഴുവൻ തുകയും തിരിച്ചടയ്ക്കണം. വൈകിയാൽ 18 ശതമാനം പലിശയോടെ തുക ബാങ്ക് ഗ്യാരന്റിയിൽനിന്ന് ഈടാക്കും. ലോട്ടറി സംസ്ഥാനത്തിനുപുറത്തു വിൽക്കാൻ ഇതുവരെ അനുമതിയില്ലായിരുന്നു.
അതേസമയം ഗോവ ലോട്ടറിയുടെ കാര്യത്തിൽ സർക്കാർ തലത്തിൽ അനുകൂല നിലപാടുണ്ടായില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. നേരത്തെ ഇതര സംസ്ഥാനങ്ങളിലെ ലോട്ടറി കേരളത്തിൽ വിൽക്കുന്നതിനെതിരെ സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ചിരുന്നു. ഈ വിധി ഓൺലൈൻ ലോട്ടറിക്കും ബാധകമാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
Discussion about this post