ന്യൂഡല്‍ഹി: ലഡാക്കിലെ ഹോത്താന്‍ മേഖലയില്‍ പുതിയ രണ്ട് പ്രവിശ്യകള്‍ സൃഷ്ടിക്കാനുള്ള ചൈനയുടെ നീക്കത്തില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ. ഈ രണ്ട് പ്രദേശങ്ങളും ഇന്ത്യയിലെ ലഡാക്കിന്റെ ഭാഗമായുള്ളതാണെന്നും ഇന്ത്യയുടെ മണ്ണില്‍ കയ്യേറ്റം നടത്തുന്നത് അനുവദിക്കാനാവില്ലെന്നും് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഈ മേഖലയിലെ ഇന്ത്യയുടെ കാലങ്ങളായുള്ള പരമാധികാരത്തിന് തടസ്സംസൃഷ്ടിക്കുന്ന രീതിയില്‍ പ്രവിശ്യകള്‍ സൃഷ്ടിക്കരുത്. ചൈനയുടെ അനധികൃതവും ശക്തി ഉപയോഗിച്ചുള്ളതുമായ കടന്നുകയറ്റം നിയമപ്രകാരമുള്ളതാകില്ലെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
ഇന്ത്യന്‍ ഭൂമേഖലയില്‍ ചൈനയുടെ അനധികൃത ൈകയേറ്റത്തെ ഇന്ത്യ ഒരിക്കലും അംഗീകരിക്കില്ല. ടിബറ്റന്‍ മേഖലയിലെ യാര്‍ലുങ് സാങ്പോ നദിയില്‍ ജലവൈദ്യുതപദ്ധതി ആരംഭിക്കാനുള്ള ചൈനയുടെ നീക്കത്തിലും ഇന്ത്യ വിയോജിപ്പ് ഉന്നയിച്ചു.
അതേസമയം, മാലദ്വീപില്‍ പ്രസിഡന്റ് മുഹമ്മദ് മുയിസു ഭരണകൂടത്തെ അട്ടിമറിക്കാന്‍ അവിടത്തെ പ്രതിപക്ഷത്തിന് ഇന്ത്യ പണം വാഗ്ദാനം ചെയ്‌തെന്ന തരത്തില്‍ അമേരിക്കന്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യ തള്ളി. അടിസ്ഥാന രഹിതവും അവിശ്വസനീയവുമായ റിപ്പോര്‍ട്ടുകളെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
ഇന്ത്യയോട് ഈ മാധ്യമങ്ങളും റിപ്പോര്‍ട്ടര്‍മാരും നിര്‍ബന്ധിത ശത്രുത പുലര്‍ത്തുകയാണെന്ന് വിദേശകാര്യമന്ത്രാലയം ആരോപിച്ചു. മാലദ്വീപുമായും പാകിസ്താനുമായും ബന്ധപ്പെട്ട രണ്ട് റിപ്പോര്‍ട്ടുകളാണ് വാഷിങ്ടണ്‍ പോസ്റ്റ് ഇത്തരത്തില്‍ പ്രസിദ്ധീകരിച്ചത്.
Discussion about this post