ബംഗളൂരു: രാജ്യത്ത് ശ്വാസകോശ രോഗമായ എച്ച്എംപിവിയുടെ രണ്ടാമത്തെ കേസ് സ്ഥിരീകരിച്ചു. ബംഗളൂരുവിലാണ് രണ്ടാമത്തെ കേസും സ്ഥിരീകരിച്ചത്. മൂന്ന് മാസം പ്രയമുള്ള കുട്ടിയിലാണ് രോഗബാധ സ്ഥിരീകരിച്ചതെന്നാണ് വിവരം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
കടുത്ത പനിയെ തുടർന്നാണ് മൂന്ന് മാസം പ്രായമുള്ള കുട്ടിയും ആശുപത്രിയിൽ ചികിത്സ തേടിയത്. അസുഖം കുറഞ്ഞതോടെ കുട്ടിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജും ചെയ്തിരുന്നു. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുട്ടിയുടെ സാമ്പിളുകൾ എച്ച്എംപിവി സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയ്ക്കും വിധേയമാക്കി. ഇതിലാണ് രോഗം സ്ഥിരീകരിച്ചത് എന്നാണ് വിവരം.
ഈ കുട്ടിയ്ക്കും യാത്രാ പശ്ചാത്തലം ഇല്ല. ഈ സാഹചര്യത്തിൽ എങ്ങനെയാണ് രോഗം പടർന്നത് എന്നതിനെക്കുറിച്ച് വിശദമായി നിരീക്ഷിച്ചുവരികയാണ്. വിശദമായ പരിശോധനയ്ക്കായി കുട്ടിയുടെ സാമ്പിളുകൾ ഐസിഎംആറിലേക്ക് അയച്ചിട്ടുണ്ട്.
ബംഗളൂരിവിൽ തന്നെയാണ് എച്ച്എംപിവി ആദ്യ കേസ് സ്ഥിരീകരിച്ചിട്ടുള്ളത്. പനിയെ തുടർന്ന് ചികിത്സ തേടിയ എട്ട് മാസം പ്രായമുള്ള കുട്ടിയിൽ ആയിരുന്നു രോഗബാധ. ഈ കുട്ടിയ്ക്കും യാത്രാപശ്ചാത്തലം ഇല്ല. ഈ കുട്ടിയുടെ സാമ്പിളുകളും ഐസിഎമ്മാറിലേക്ക് വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
അതേസമയം രാജ്യത്ത് എച്ച്എംപിവി രണ്ട് കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡൽഹിയിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. എച്ച്എംപിവിയുടെ രോഗലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ ആശുപത്രിയിൽ ചികിത്സ തേടാനാണ് നിർദ്ദേശം. പാരസെറ്റമോൾ ഉൾപ്പെടെയുള്ള അവശ്യമരുന്നുകളുടെ സ്റ്റോക്ക് ഉറപ്പുവരുത്താൻ ആശുപത്രികൾക്കും ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. ഓക്‌സിജൻ സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കാനും രോഗലക്ഷണങ്ങളോട് കൂടി എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post