ന്യൂഡൽഹി: രാജ്യത്തെ ഓഹരി വിപണിയിൽ വൻ ഇടിവ്. സെൻസെക്‌സ് 1200 പോയിന്റോളം ഇടിഞ്ഞു. നിഫ്റ്റിയിലും കനത്ത നഷ്ടം രേഖപ്പെടുത്തി. രാജ്യത്ത് എച്ച്എംപിവി വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഓഹരി വിപണിയിൽ ഇടിവ് നേരിട്ടത്.
നിഫ്റ്റിയിൽ 1.4 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. ഓഹരികളുടെ ചാഞ്ചാട്ടം വ്യക്തമാക്കുന്ന ഇന്ത്യ വിക്‌സിൽ 13 ശതമാനം വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഓഹരിയിൽ മിഡ് ക്യാപ്, സ്മാൾ ക്യാപ്പ് ഓഹരിയിലാണ് കനത്ത ഇടിവ് നേരിട്ടത്. നിഫ്റ്റി മിഡ് ക്യാപ്പ് ഓഹരിയിൽ 2.6 ശതമാനം ഇടിവ് രേഖപ്പെടുത്തി.
ഇന്ന് രാവിലെ കർണാടകയിലാണ് എച്ച്എംപിവൈ വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ചത്. ഇതിന്റെ വാർത്തകൾ പുറത്തുവന്നതോടെ വ്യാപാരികളിൽ ആശങ്ക ഉടലെടുക്കുകയായിരുന്നു. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കമ്പനികളുടെ പാദഫലം എങ്ങനെ ആകും എന്നതായിരുന്നു പ്രധാന ആശങ്ക.
വൈറസ് വ്യാപനത്തിന് പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രാലയം ആശങ്കപ്പെടേണ്ടതില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇതൊന്നും തന്നെ വിപണിയ്ക്ക് ആത്മവിശ്വാസം നൽകിയില്ലെന്നാണ് ഇടിവ് വ്യക്തമാക്കുന്നത്. വരും ദിവസങ്ങളിലും സമാന സാഹചര്യം സാമ്പത്തിക വിദഗ്ധർ വിപണിയിൽ പ്രതീക്ഷിക്കുന്നുണ്ട്.
Discussion about this post