കുരുമുളകില്ലാത്ത ഒരു അടുക്കളയുണ്ടാവില്ല. ആദ്യകാലത്ത് മിക്ക വീടുകളിലും കുരുമുളക് ചെടിയുണ്ടാവാറുണ്ട്. ഇതിൽ നിന്നുള്ളത് പറിച്ച് പൊടിച്ച് ഉപയോഗിക്കുകയാണ് പതിവ്. എന്നാൽ, ഇന്നത്തെ കാലത്ത് എല്ലാവരും കുരുമുളക് പൊടി പാക്കറ്റിലുള്ളത് വാങ്ങുകയാണ് ചെയ്യാറ്.
എല്ലാവരും പാക്കറ്റ് സാധനങ്ങളെ ആശ്രയിച്ചു തുടങ്ങിയതോടെ, വൻ തോതിലാണ് മായം ചേർക്കൽ നടക്കുന്നത്. പൊടികളുടെ നിറവും കാലാവധിയും അളവുമെല്ലാം വർദ്ധിപ്പിക്കാനായാണ് ഇത്തരത്തിൽ മസാലപൊടികളിൽ മായം ചേർക്കൽ നടക്കുന്നത്. എന്നാൽ, ഇത്തരത്തിലുള്ള ഭക്ഷണസാധനങ്ങൾ ഉപയോഗിക്കുന്നത് വലിയ തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. മസാലപ്പൊടികളിലെ മായം ഒരുപക്ഷേ, മരണത്തിലേയ്ക്കുവരെ നയിച്ചേക്കാം. അതിനാൽ തന്നെ കറിപൊടികളിലെ മായം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെ മസാലപൊടികളിലെ മായം കണ്ടെത്താൻ ചില പൊടിക്കൈകളുണ്ട്.. എന്താണെന്ന് നോക്കാം…
കുരുമുളകിലെ വ്യാജന്മാരെ കണ്ടെത്താൻ ചില സിമ്പിൾ ടിപ്‌സ് നിലവിലുണ്ട്. സാധാരണയായി പപ്പായ വിത്തുകളാണ് കുരുമുളകിനൊപ്പം ചേർക്കുന്നത്. ഇത് പൊടിച്ചാൽ, കുരുമുളകിന്റെ അതേ തോതിൽ ഇരിക്കുന്നത് കൊണ്ടാണ് ഇതിൽ പപ്പായ വിത്തുകൾ ചേർക്കുന്നത്. ഇത് കണ്ടെത്താനായി, ഒരു സ്പൂൺ കുരുമുളക് ഒരു ഗ്ലാസ് വോഡ്കയിൽ ചേർക്കുക. ഇങ്ങനെ ചെയ്താൽ, പപ്പായ വിത്തുകൾ അടിയിൽ അടിഞ്ഞുകൂടും, യഥാർത്ഥ കുരുമുളക് പൊങ്ങിക്കിടക്കും.
മുളക് പൊടിയിലെ മായവും ഇത്തരത്തിൽ കണ്ടെത്താനാവും. അതിനായി, ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ മുളകുപൊടി ചേർത്ത് അഞ്ചുമിനിട്ട് മാറ്റിവയ്ക്കുക. പൊടി ഗ്ലാസിന്റെ താഴെ അടിഞ്ഞുകഴിഞ്ഞ് വെള്ളം ചുവപ്പുനിറം ആവുകയാണെങ്കിൽ മുളകുപൊടിയിൽ മായം കലർന്നിട്ടുണ്ടെന്ന് മനസിലാക്കാം.
മായം കലർത്തിയിട്ടില്ലെങ്കിൽ വെള്ളം തെളിഞ്ഞതായിരിക്കും. മഞ്ഞൾപ്പൊടിയും ഇതേരീതിയിൽ മനസിലാക്കാം.
Discussion about this post