ലക്‌നൗ: ഉത്തർപ്രദേശിൽ നൂറ്റാണ്ടുകളായി അടഞ്ഞു കിടന്നിരുന്ന ശിവക്ഷേത്രം തുറന്നു. വരാണസിയിലെ മുസ്ലീം ഭൂരിപക്ഷ മേഖലയിൽ സ്ഥിതിചെയ്യുന്ന സിദ്ധേശ്വർ മഹാദേവ ക്ഷേത്രമാണ് ഹിന്ദു വിശ്വാസികൾ ചേർന്ന് തുറന്നത്. നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ക്ഷേത്രത്തിൽ ആരാധന ആരംഭിക്കുമെന്ന വിശ്വാസികൾ അറിയിച്ചു.
100 വർഷത്തോളമായി സിദ്ധേശ്വർ ക്ഷേത്രം അടഞ്ഞുകിടക്കുകയാണ്. ഇവിടം ആരാധനയ്ക്കായി വിശ്വാസികൾക്ക് തുറന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് സനാതൻ രക്ഷാ ദൾ പ്രവർത്തകർ ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നു. ഇവർ നൽകിയ അപേക്ഷ പരിഗണിച്ച് ഭരണകൂടം ക്ഷേത്രം തുറക്കാൻ അനുമതി നൽകുകയായിരുന്നു. ഇതിന് നേതൃത്വം നൽകാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശവും നൽകി. തുടർന്ന് ഇവരുടെ സാന്നിദ്ധ്യത്തിൽ ആയിരുന്നു ക്ഷേത്രം തുറന്നത്.
താഴ് ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചായിരുന്നു ക്ഷേത്രത്തിന്റെ വാതിൽ തുറന്നത്. ക്ഷേത്രത്തിനുള്ളിൽ തകർന്ന നിലയിൽ മൂന്ന് ശിവലിംഗങ്ങൾ കണ്ടെത്തി. ഇതിന് പുറമേ വിഗ്രഹാവശിഷ്ടങ്ങളും കണ്ടെത്തി. തറ നശിച്ചതിനായി ക്ഷേത്രത്തിനുള്ളിൽ മൺ കൂനകളും രൂപപ്പെട്ടിട്ടുണ്ട്.
അതേസമയം ക്ഷേത്രം തുറന്ന പശ്ചാത്തലത്തിൽ പ്രദേശം അതീവ ജാഗ്രതയിലാണ്. നിരവധി പോലീസുകാരെ സ്ഥലത്ത് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഡ്രോൺ നിരീക്ഷണം ഉൾപ്പെടെ നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post