വാഷിംഗ്ടൺ: വിർച്വൽ അസിസ്റ്റൻറായ സിരി ഉപയോഗിച്ച് ഉപയോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങൾ സമ്മതമില്ലാതെ ചോർത്തിയ കേസിൽ ആരോപണങ്ങൾ തള്ളി ആപ്പിൾ. കമ്പനി സ്വകാര്യതാനയങ്ങൾ ലംഘിച്ചിട്ടില്ലെന്നാണ് വിശദീകരണം. കേസ് തീർപ്പാക്കാൻ 95 മില്യൺ ഡോളർ നൽകാൻ ആപ്പിൾ സമ്മതിച്ചതിന് ശേഷം , സിരി എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അതിന്റെ ഉപയോക്താക്കൾക്കുള്ള സുരക്ഷാ നയങ്ങളും വിശദീകരിക്കുന്ന ഒരു പ്രസ്താവന പുറത്തിറക്കി. ഉപയോക്തൃ ഡാറ്റ പരിരക്ഷിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അവകാശപ്പെടുന്ന ഒരു ബ്ലോഗ് പോസ്റ്റ് ആപ്പിൾ പുറത്തിറക്കി.വിപണന പ്രൊഫൈലുകൾ നിർമ്മിക്കാൻ ആപ്പിൾ ഒരിക്കലും സിരി ഡാറ്റ ഉപയോഗിച്ചിട്ടില്ല, പരസ്യത്തിനായി ഒരിക്കലും അത് ലഭ്യമാക്കിയിട്ടില്ല, ഒരു ആവശ്യത്തിനും അത് ആർക്കും വിറ്റിട്ടില്ല.’ അത് കൂട്ടിച്ചേർക്കുന്നു, ‘സിരിയെ കൂടുതൽ സ്വകാര്യമാക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ ഞങ്ങൾ നിരന്തരം വികസിപ്പിച്ചുകൊണ്ടിരിക്കുന്നു, അത് തുടരുമെന്ന് കമ്പനി വ്യക്തമാക്കി.
ഉപയോക്താക്കളുടെ സംഭാഷണങ്ങൾ സിരി അവരുടെ സമ്മതമില്ലാതെ റെക്കോർഡ് ചെയ്ത് സ്വകാര്യത ലംഘിക്കുന്നതായി ആരോപിച്ച് ‘ദി ഗാർഡിയൻ’ പത്രം ആപ്പിളിനെതിരെ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഉപയോക്താക്കളുടെ അറിവില്ലാതെ സിരിയുടെ മൈക്രോഫോൺ രഹസ്യമായി ഓണാക്കിയെന്നായിരുന്നു ആരോപണം. 2014 സെപ്റ്റംബറിലെ ആപ്പിളിൻറെ സോഫ്റ്റ്വെയർ അപ്ഡേഷന് ശേഷം ‘ഹേയ് സിരി’ എന്ന് പറഞ്ഞാൽ മാത്രമേ വെർച്വൽ അസിസ്റ്റന്റ് സിരി സജീവമാകൂ എന്നായിരുന്നു ആപ്പിൾ ഉപഭോക്താക്കളെ അറിയിച്ചിരുന്നത്. എന്നാൽ തങ്ങളുടെ സാങ്കേതികവിദ്യ മെച്ചപ്പെടുത്താനായി സിരി മറ്റ് സമയങ്ങളിലും ഉപയോക്താക്കളുടെ സംഭാഷണങ്ങൾ കേൾക്കുകയും റെക്കോർഡുചെയ്യുകയും ചെയ്യുന്നുണ്ടെന്നാണ് ഗാർഡിയൻ ലേഖനത്തിൽ പറയുന്നത്. ഇതിനുപിന്നാലെയാണ് വുഡ് ലോ ആപ്പിളിനെതിരെ 2019 ആഗസ്റ്റിൽ പരാതി രജിസ്റ്റർ ചെയ്യുന്നത്. പിന്നീടാണ് ആപ്പിളിനെതിരെ കാലിഫോർണിയയിലെ ഓക്ക്ലാൻഡ് കോടതിയിൽ കേസെടുക്കുന്നത്.
Discussion about this post