ഇതിൽ ക്രിക്കറ്റ് ടീമിലെ താരങ്ങളിൽ എല്ലാ ഇന്ത്യക്കാർക്കും ഒരുപോലെ പ്രിയപ്പെട്ടവനാണ് യുസ്വേന്ദ്ര ചഹൽ. എന്നാൽ താരം ഇന്ത്യൻ ടീമിൽ ഇടക്കാലത്ത് അത്ര സജീവമല്ലായിരുന്നു. എങ്കിൽപോലും സമൂഹമാദ്ധ്യമങ്ങളിലെ പോസ്റ്റുകളിലൂടെയും റീൽസുകളിലൂടെയും ചഹൽ പ്രേക്ഷകർക്കിടയിൽ സജീവമായി നിന്നിരുന്നു.
എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രചരിക്കുന്ന ഒരു വാർത്തയാണ് യുസ്വേന്ദ്ര ചഹലും ഭാര്യ ധനശ്രീ വർമ്മയും തമ്മിൽ വേർപിരിയുന്നു എന്നുള്ളത്. അടുത്തിടെ ചഹൽ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും ഭാര്യയുമൊത്തുള്ള ചിത്രങ്ങൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ ഇരുവരും വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന് വാർത്തകൾ ഉണ്ടായിരുന്നു.
ഇപ്പോൾ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ചഹൽ. “എൻ്റെ ആരാധകരുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഞാൻ നന്ദിയുള്ളവനാണ്. അവരെ കൂടാതെ എനിക്ക് ഇവിടെ എത്താൻ കഴിയില്ല. എന്നാൽ ഈ യാത്ര ഇനിയും അവസാനിച്ചിട്ടില്ല, കാരണം എൻ്റെ രാജ്യത്തിനും ടീമിനും ആരാധകർക്കും വേണ്ടി എനിക്ക് പന്തെറിയാൻ ഇനിയും നിരവധി ഓവറുകൾ ഉണ്ട്. ഒരു കളിക്കാരനായതിൽ ഞാൻ അഭിമാനിക്കുന്നു, പക്ഷേ അതോടൊപ്പം തന്നെ ഞാൻ ഒരു മകനും സഹോദരനും സുഹൃത്തുമാണ്. എന്നെ കുറിച്ചുള്ള വാർത്തകളുമായി ബന്ധപ്പെട്ട ആളുകളുടെ ജിജ്ഞാസ ഞാൻ മനസ്സിലാക്കുന്നു, പ്രത്യേകിച്ച് എൻ്റെ വ്യക്തിജീവിതത്തെക്കുറിച്ച് വരുന്ന വാർത്തകൾ. ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ ഊഹാപോഹങ്ങൾ ഉയർത്തുന്നത് ഞാൻ കണ്ടു. ഒരു മകനും സഹോദരനും സുഹൃത്തും ആയതിനാൽ, ഈ ഊഹാപോഹങ്ങൾ എന്നെയും എൻ്റെ കുടുംബത്തെയും വേദനിപ്പിക്കുന്നതിനാൽ ഇത്തരം വാർത്തകളെ അവഗണിക്കണമെന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു, എല്ലാവർക്കും എപ്പോഴും നന്മകൾ ആശംസിക്കാനാണ് എൻ്റെ കുടുംബ മൂല്യങ്ങൾ എന്നെ പഠിപ്പിച്ചത് . മാത്രമല്ല, കുറുക്കുവഴികളേക്കാൾ സമർപ്പണത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും വിജയം നേടാൻ ഞാൻ എപ്പോഴും പഠിച്ചിട്ടുണ്ട്. സഹതാപമല്ല, നിങ്ങളുടെ സ്നേഹവും പിന്തുണയും ലഭിക്കാനാണ് ഞാൻ എപ്പോഴും ശ്രമിക്കുന്നത്. എല്ലാവർക്കും സ്നേഹ ചുംബനങ്ങൾ” എന്നാണ് ചഹൽ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
Discussion about this post