എറണാകുളം: സ്വർണ വ്യാപരത്തിന്റെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തി അൽമുക്താദിർ ജ്വല്ലറി. സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ കോടികളുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. കേരളത്തിൽ നിന്ന് മാത്രം 380 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. വ്യാപാര സ്ഥാപനത്തിൽ പരിശോധന തുടരുകയാണ്.
സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണവുമായി ബന്ധപ്പെട്ട് ആയിരുന്നു ഉദ്യോഗസ്ഥർ ജ്വല്ലറികളിൽ പരിശോധനയ്ക്കായി എത്തിയത്.
ഇൻകംടാക്‌സ് ഇൻവെസ്റ്റിഗേഷൻ തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആണ് പരിശോധന. സംസ്ഥാനത്തെ 30 കടകളിലാണ് പരിശോധന പുരോഗമിക്കുന്നത്. ജ്വല്ലറിയുടെ മറവിൽ വൻ തോതിൽ കളളപ്പണം വെളിപ്പിച്ചെന്നാണ് ഇൻകം ടാക്‌സിന്റെ കണ്ടെത്തൽ.
മണിച്ചെയിൻ മാതൃകയിൽ ആയിരുന്നു അൽമുക്താദിർ കോടികളുടെ പണം തട്ടിയത്. ഇത്തരത്തിൽ തട്ടിപ്പിൽ നിന്നും ലഭിച്ച പണത്തിൽ നിന്നും 50 കോടി വിദേശത്തേയ്ക്ക് കടത്തി. ദുബായിൽ കോടികളുടെ നിക്ഷേപം ആണ് കമ്പനി നടത്തിയിരിക്കുന്നത്. എന്നാൽ ഇതൊന്നും തന്നെ നികുതി റിട്ടേണിൽ രേഖപ്പെടുത്തിയിട്ടില്ല.
പഴയ സ്വർണം വാങ്ങിയതിൻറെ മറവിലായിരുന്നു തട്ടിപ്പുകൾ നടന്നതെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. മുംബൈയിലെ ഗോൾഡ് പർച്ചേസ് സ്ഥാപനമായ യുണീക് ചെയിൻസ് എന്ന സ്ഥാപനത്തിലും പരിശോധന നടന്നു. അൽമുക്താദിറുമായി നടത്തിയ സ്വർണക്കച്ചവടത്തിൽ 400 കോടിയുടെ തിരിമറി കണ്ടെത്തിയിട്ടുണ്ട്.
Discussion about this post