ആരോഗ്യമുള്ള കാലത്ത് നല്ല രീതിയില്‍ സമ്പാദിച്ച് കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് 90 ശതമാനം ആളുകളും. അതിനായി പല നിക്ഷേപങ്ങളും ആളുകൾ നടത്താറുണ്ട്. ചെറിയ നിക്ഷേപം കൊണ്ട് പരമാവധി ലാഭം ആണ് എല്ലാവരും ലക്ഷ്യമിടുന്നത്.
അത്തരത്തില്‍ എത്ര ചെറിയ നിക്ഷേപം ആയാലും ലക്ഷങ്ങളുടെ ലാഭം നേടാൻ സഹായിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ (എസ് ബി ഐ) ഒരു നിക്ഷേപ പദ്ധതി പരിചയപ്പെടാം. എസ് ബി ഐയുടെ ഹർ ഘർ ലഖ്പതി എന്ന പുതിയ പദ്ധതിയാണ് ഇത്. റിക്കറിംഗ് ഡിപ്പോസിറ്റ് അല്ലെങ്കിൽ ആർ ഡി പദ്ധതി പോലെയുള്ള ഈ പദ്ധതി ആകർഷകമായ പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.
മൂന്ന് മുതൽ പത്ത് വർഷം വരെയാണ് പദ്ധതിയുടെ കാലാവധി. മാസം തോറും ചെറിയ തുക നിക്ഷേപിച്ചാൽ മാത്രം മതി. കാലാവധി കഴിയുമ്പോൾ പലിശ സഹിതം നിക്ഷേപതുക ലഭിക്കും. പത്ത് വയസിന് മുകളിലുളളവർ മുതൽ മുതിർന്ന പൗരൻമാർക്കു വരെ ഈ പദ്ധതിയിൽ നിക്ഷേപം നടത്താന്‍ കഴിയും. ജോയിന്റ് അക്കൗണ്ടുകൾക്കും പത്ത് വയസിന് മുകളിൽ പ്രായമുള്ളവർക്കും സ്വന്തമായി അക്കൗണ്ട് തുറക്കാനുമുള്ള സൗകര്യവും ഹർ ഘർ ലഖ്പതി പദ്ധതി ഒരുക്കുന്നു. ഒരു എസ് ബി ഐ ബ്രാഞ്ച് സന്ദർശിക്കുകയോ അല്ലെങ്കിൽ ഓൺലൈൻ സേവനങ്ങൾ വഴിയോ പദ്ധതിയിൽ ചേരാവുന്നതാണ്.
മെച്യൂരിറ്റി കാലയളവ് അനുസരിച്ച് ഈ പദ്ധതിക്ക് വ്യത്യസ്ത പലിശ നിരക്കുകൾ ആണ് ഉള്ളത്. സാധാരണ പൗരന്മാർക്ക് 6.75 ശതമാനവും മുതിർന്ന പൗരൻമാർക്ക് 7.25 ശതമാനവുമാണ് പലിശനിരക്ക്. അതേസമയം, ഈ പദ്ധതിയിൽ നിക്ഷേപം നടത്തുന്ന എസ് ബി ഐയി ജീവനക്കാരന് എട്ട് ശതമാനം വരെ പലിശ ലഭിക്കും.
ദിവസം തോറും നിങ്ങൾ 80 രൂപ മാറ്റി വച്ചാൽ ഒരു മാസം കൊണ്ട് നിങ്ങളുടെ കയ്യില്‍ 2500 രൂപയുണ്ടാകും. ഈ 2500 രൂപ വീതം മാസം തോറും ഹർ ഖർ ലഖ്‌പതി പദ്ധതിയിൽ നിക്ഷേപിക്കുകയാണെങ്കിൽ മൂന്ന് വർഷം കൊണ്ട് നിങ്ങൾക്ക് ഒരു ലക്ഷം രൂപയിൽ അധികം സമ്പാദിക്കാവുന്നതാണ്. പദ്ധതിയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ അറിയുന്നതിന് സാമ്പത്തിക വിദഗ്ദരായോ എസ് ബി ഐയുമായോ (https://sbi.co.in/web/personal-banking/investments-deposits/deposits/har-ghar-lakhpati )ബന്ധപ്പെടാവുന്നതാണ്.
Discussion about this post