ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക ക്യാപിന് നേരെ ഗ്രനേഡ് എറിഞ്ഞ ഭീകരർ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെയാണ് ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആക്രമണം നടന്ന് 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടിയ പോലീസിന് അഭിനന്ദന പ്രവാഹമാണ് ഉയരുന്നത്.
ജനുവരി ഏഴിന് ആയിരുന്നു ടിയോടോറിവിൽ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം ഉണ്ടായത്. വാഹനങ്ങളിൽ എത്തിയ ഭീകരർ ക്യാമ്പിന് നേരെ ഗ്രനേഡ് എറിഞ്ഞ ശേഷം ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല എങ്കിലും ക്യാമ്പിന്റെ മുകൾ ഭാഗം പൂർണമായി തകർന്നു. അപ്പോൾ തന്നെ സൈന്യം വിവരം പോലീസിന് കൈമാറുകയായിരുന്നു. ഉടൻ തന്നെ പോലീസ് അന്വേഷണവും ആരംഭിച്ചു.
പ്രതികളെക്കുറിച്ച് നാട്ടുകാരിൽ നിന്നാണ് സൂചനകൾ ലഭിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിൽ നിന്നും പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തമായി. ഇതോടെ ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലേക്ക് ആണ് പോലീസ് ശ്രദ്ധ തിരിച്ചത്. ഇതോടെ പ്രതികൾ അറസ്റ്റിലാകുകയായിരുന്നു.
ഇവരെ വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് സംബന്ധിച്ച വിവരം പോലീസ് പുറത്തുവിട്ടിരിക്കുന്നത്. നിരവധി ഭീകരാക്രമണ കേസിലെ പ്രതികൾ കൂടിയായ പ്രതികളുടെ വിശദ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
Discussion about this post