ജിദ്ദ : സ്പാനിഷ് സൂപ്പർ കപ്പിൻ്റെ ഫൈനലിൽ കരുത്തരായ റയൽ മാഡ്രിഡും ബാഴ്സലോണയും ഇന്ന് നേർക്കു നേർ. രാത്രി പന്ത്രണ്ടരയ്ക്ക് സൗദി അറേബ്യയിലെ കിങ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം. ഈ വർഷത്തിലെ ആദ്യ എൽ ക്ലാസിക്കോ കൂടിയാണ് ഇത്. ഫൈനൽ ജയിച്ച് സീസണിലെ ആദ്യ കിരീടത്തിൽ മുത്തമിടുകയെന്ന ലക്ഷ്യവുമായിട്ടാകും ഇരു ടീമുകളും കളത്തിലിറങ്ങുക.
കഴിഞ്ഞ ഒക്ടോബറിൽ നടന്ന അവസാന എൽക്ലാസിക്കോയിൽ തകർപ്പൻ വിജയമായിരുന്നു ബാഴ്സലോണയുടേത്. അന്ന് എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു ബാഴ്സ, റയലിനെ അവരുടെ സ്വന്തം തട്ടകത്തിൽ തോല്പിച്ചത്. എന്നാൽ ഇത്തവണ തുടരെ അഞ്ച് മത്സരങ്ങൾ ജയിച്ച ആത്മവിശ്വാസവുമായാണ് റയൽ പരമ്പരാഗത വൈരികളായ ബാഴ്സയെ നേരിടാൻ എത്തുന്നത്. സ്പാനിഷ് ലീഗിലും പോയിൻ്റ് പട്ടികയിൽ ബാഴ്സയെ പിന്തള്ളി റയലാണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത്.
കഴിഞ്ഞ എൽ ക്ലാസിക്കോയിലെ പിഴവുകൾ ആവർത്തിക്കാതിരിക്കാനാണ് ശ്രമമെന്ന് റയൽ കോച്ച് കാർലോ ആൻസലോട്ടി പറഞ്ഞു. ഓരോ എൽ ക്ലാസിക്കോയും ഇരു ടീമുകളെ സംബന്ധിച്ചും വലിയ വെല്ലുവിളികളുടേതാണ്. അതൊരു ഫൈനലാകുമ്പോൾ പ്രത്യേകിച്ചും, ആൻസലോട്ടി കൂട്ടിച്ചേർത്തു. എംബാപ്പെയും, വിനീഷ്യസ് ജൂനിയറും , ജൂഡ് ബെല്ലിങ്ഹാമും റോഡ്രിഗോയുമടക്കമുള്ള സൂപ്പർ താരങ്ങളുടെ വ്യക്തിഗത മികവുകളിലൂന്നിയാണ് സമീപകാലത്ത് റയലിൻ്റെ മുന്നേറ്റം. മറുവശത്ത് ടീമെന്ന നിലയിലുള്ള ഒത്തിണക്കമാണ് ബാഴ്സയുടെ കരുത്ത്. പ്രതിരോധത്തിലെ പാളിച്ചകൾ കൂടി പരിഹരിക്കാനായാൽ എൽ ക്ലാസിക്കോയിലെ വിജയം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് ബാഴ്സയുടെ ആരാധകർ.
ടൂർണ്ണമെൻ്റിൻ്റെ ചരിത്രം പരിശോധിച്ചാൽ നേരിയൊരു മുൻതൂക്കം ബാഴ്സയ്ക്കാണ്. ബാഴ്സ 14 തവണ സൂപ്പർ കപ്പ് കിരീടം നേടിയപ്പോൾ 13 തവണയാണ് റയൽ കപ്പുയർത്തിയത്. കഴിഞ്ഞ വർഷം ബാഴ്സയെ 4-1 ന് തോല്പിച്ചായിരുന്നു റയൽ ചാമ്പ്യന്മാരായത്. അതിനു മുൻപത്തെ വർഷം റയലിനെ തോല്പിച്ച് ബാഴ്സയായിരുന്നു കിരീടം നേടിയത്.
Discussion about this post