മലപ്പുറം: കേരളത്തെ ഞെട്ടിച്ച് വീണ്ടും കൂട്ട ബലാത്സംഗം. മലപ്പുറത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പത്തോളം പേർ ചേർന്ന് പീഡിപ്പിച്ചു. അരീക്കോട് ആണ് സംഭവം. കേസ് എടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
36 കാരിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ വർഷം മുതൽ യുവതി പീഡനത്തിന് ഇരയായി വരികയായിരുന്നു. അയൽവാസിയായ യുവാവ് ആണ് ആദ്യം യുവതിയെ പീഡനത്തിന് ഇരയാക്കിയത്. പിന്നീട് ഇയാൾ മറ്റുള്ളവർക്ക് യുവതിയെ കാഴ്ചവയ്ക്കുകയായിരുന്നു. അടുത്തിടെ ഇക്കാര്യം ഇയാൾ തന്നെ മറ്റൊരു അയൽക്കാരനോട് അബദ്ധത്തിൽ പറഞ്ഞു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. അകന്ന ബന്ധുക്കൾ ഉൾപ്പെടെയുള്ളവരാണ് യുവതിയെ പീഡിപ്പിച്ചത്. ഇതിന് പുറമേ യുവതിയുടെ 15 പവൻ സ്വർണവും കവർന്നു.
യുവതി അയൽവാസിയിൽ നിന്നും 500 രൂപ കടമായി വാങ്ങിയിരുന്നു. ഇത് തിരികെ കൊടുക്കാതെ വന്നതോടെ പലയിടങ്ങളിലേക്ക് യുവതിയെ ഇയാൾ വിളിച്ചുവരുത്തുകയായിരുന്നു. യുവതിയുടെ അവസ്ഥ മുതലെടുത്തുകൊണ്ടായിരുന്നു നാളിതുവരെയുള്ള പീഡനം. ലൈംഗികാതിക്രമത്തിന് ഇരയാകുകയാണെന്ന് മനസിലാക്കാൻ പോലും പാകത്തിലല്ല യുവതിയുടെ മാനസിക നില എന്നാണ് ബന്ധുക്കൾ പറയുന്നത്.
സംഭവം അറിഞ്ഞതിന് പിന്നാലെ പലതവണകളായി യുവതിയിൽ നിന്നും ബന്ധുക്കൾ ഇതേക്കുറിച്ച് ചോദിച്ചറിഞ്ഞു. ഇതിന് പിന്നാലെ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ മൂന്ന് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്വർണ കവർച്ച, കൂട്ടബലാത്സംഗം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എഫ്‌ഐആർ.
Discussion about this post